ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെയല്ലെന്ന് ബോക്‌സിങ് താരവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍രക്‌ന പുരസ്‌കാരം തിരികെ നല്‍കുമെന്നും വിജേന്ദ്രര്‍ സിങ് പറഞ്ഞു.
തിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജമിന്ദാര വിദ്യാര്‍ഥി സംഘടന നല്‍കുന്ന ഭക്ഷണ പൊതി വിതരണം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകരെ സേവിക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഗുവില്‍ നടക്കുന്ന കര്‍ഷക പ്രക്ഷേഭത്തില്‍ ഡിസംബര്‍ ആറിന് അദ്ദേഹവും പങ്കെടുത്തിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 23-ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ നിരവധി തവണ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.