ഹൈദരാബാദ്: ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ സ്‌ത്രീകളടക്കം ആറ് പേർ മരിച്ചു. വ്യാഴാഴ്‌ച വൈകുന്നേരം സെക്കന്തരാബാദിലെ ബഹു നില വാണിജ്യ സമുച്ചയത്തിൽ ഉണ്ടായ തീ പിടിത്തത്തിലാണ് സ്‌ത്രീകളടക്കം ആറു പേർ അതിദാരുണമായി മരണമടഞ്ഞത്. തീ പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാകാം മരണ കാരണമെന്ന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ തീ പിടിക്കാനുള്ള കാരണമോ, മരണങ്ങളുടെ യഥാർത്ഥ കാരണമോ പൂർണമായും ലഭ്യമായിട്ടില്ല എന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലിസ് അറിയിച്ചു. തീ നിലവിൽ നിയന്ത്രണ വിധേയമാണെന്നും പൂർണമായി അണച്ചെന്നും അധികൃതർ പറഞ്ഞു.
ആറ് പേർ മരിച്ചതിന് പുറമെ 6 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. മരണപ്പെട്ട ആറ് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തെലങ്കാനയിലെ വാറങ്കൽ, ഖമ്മം ജില്ലകളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. വാണിജ്യ സമുച്ചയത്തിൽ ഓഫീസ് ഉള്ള ഒരു മാർക്കറ്റിംഗ് കമ്പനിയിലാണ് ഇവർ ജോലി ചെയ്‌തിരുന്നതെന്ന് അധികൃതർ പറഞ്ഞു. നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കോംപ്ലക്‌സിൽ രാത്രി 7.30ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പൊലിസിന് മൊഴി നൽകി.
എട്ട് നിലകളുള്ള കെട്ടിടത്തിന്‍റെ ഒരു നിലയിൽ നിന്ന് വൻ തീപിടിത്തം ഉയർന്നതിനാൽ തീ അണയ്ക്കാൻ നാല് ഫയർ എഞ്ചിനുകൾ ഉൾപ്പെടെ 10 ലധികം അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അർദ്ധരാത്രി വരെ രക്ഷാപ്രവർത്തനം തുടർന്നു.
കെട്ടിടത്തിൽ നിന്ന് ഇപ്പോഴും ധാരാളം പുക ഉയരുന്നുണ്ടെന്നും അത് കുറയാൻ കുറച്ച് സമയമെടുക്കുമെന്നും ആരെങ്കിലും ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്നും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ ജനുവരിയിൽ സെക്കന്തരാബാദിലെ അഞ്ച് നില വാണിജ്യ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടം പിന്നീട് പൊളിച്ചുനീക്കി.