ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭാഗികമായോ പൂർണമായോ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി. 25 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ഇക്കാര്യം വിശദീകരിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി കത്ത് നൽകിയത്.
മുമ്പ് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിന്ന് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പുരോഗതിയിലേക്ക് കാൽ വക്കുന്ന സമയമാണിതെന്നും ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ വീണ്ടും സമ്പദ്‌വ്യവസ്ഥ തകിടം മറിയുമെന്നുമാണ് സമിതിയുടെ വാദം. കൊവിഡ് ശൃംഖല ഇല്ലാതാക്കണം. കൊവിഡ് പരിശോധന വർധിപ്പിക്കുകയും ബോധവൽക്കരണത്തിലൂടെ മാർഗനിർദേശങ്ങൾ പിന്തുടരാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും ഉദയ് ശങ്കർ മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നും കൊവിഡ് ശൃംഖല കുറക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു വക്കുന്നു.
18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിനേഷൻ നൽകണമെന്നും വാക്‌സിനേഷന്‍റെ ഭാഗമാകാൻ സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു. ഡൽഹി, ഗോവ, പുതുച്ചേരി, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്‌മീർ, ഒഡീഷ, കേരളം, ഗുജറാത്ത്, അസം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കാണ് കത്തെഴുതിയത്.
ലോക്ക്ഡൗൺ സമ്പദ് ഘടനയുടെ തിരിച്ചുവരവിന് ഭീഷണിയാകുമെന്ന് യുഎസ് ആസ്ഥാനമായുള്ള ബോഫ സെക്യൂരിറ്റീസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു മാസത്തേക്ക് രാജ്യ വ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജിഡിപിയുടെ രണ്ട് ശതമാനം ഇടിവിന് വരെ കാരണമാകുമെന്ന് ബോഫ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.