ഷിയോപൂർ (മധ്യപ്രദേശ്): നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളില്‍ ഒന്നിന് വൃക്ക രോഗം ബാധിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നമീബിയയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച എട്ട് ചീറ്റകളില്‍ ഷാഷയെന്ന പെണ്‍ചീറ്റയ്‌ക്കാണ് രോഗം ബാധിച്ചത്. പുലിക്ക് നിര്‍ജലീകരണം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ ചീറ്റകളെയും നിരീക്ഷിച്ച് വരികയാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) പ്രകാശ് കുമാർ വർമ പറഞ്ഞു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ പരിശോധനയ്‌ക്ക് ശേഷം ഷാഷയ്‌ക്ക് ഭക്ഷണം നല്‍കിയെന്നും എന്നാല്‍ ചീറ്റയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും മികച്ച വൈദ്യ പരിശോധന ആവശ്യമാണെന്നും ഡിഎഫ്ഒ പറഞ്ഞു. ചീറ്റയെ പരിശോധിക്കുന്നതിനായി ഭോപ്പാലില്‍ നിന്നുള്ള ഒരു സംഘം ഡോക്‌ടര്‍മാര്‍ സ്ഥലത്തെത്തി.
ഡോക്‌ടര്‍മാര്‍ കൊണ്ടുവന്ന പോര്‍ട്ടബിള്‍ മെഷീനുകള്‍ ഉപയോഗിച്ച് സോണോഗ്രാഫി ടെസ്റ്റിന് വിധേയയാക്കിയെന്നും പരിശോധനയുടെ റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്നും ഡിഎഫ്ഒ പറഞ്ഞു. ചീറ്റകളെ നിരീക്ഷിക്കുന്നതിനായി രണ്ട് പ്രാദേശിക ഡോക്‌ടർമാരും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു ഡോക്‌ടറും കുനോ പാര്‍ക്കിലുണ്ട്. ഷാഷയ്‌ക്ക് വൃക്ക രോഗം സ്ഥിരീകരിച്ചതോടെ ഭോപ്പാലിലെ വാൻ വിഹാർ നാഷണൽ പാർക്കിൽ നിന്നുള്ള ഡോക്‌ടര്‍മാരുടെ ഒരു സംഘവും ബുധനാഴ്‌ച പാര്‍ക്കിലെത്തിയിരുന്നു.