Kancheepuram (Tamil Nadu): തൊഴിലാളികൾക്കുണ്ടായ ഭക്ഷ്യവിഷബാധയും തുടർന്നുണ്ടായ തൊഴിലാളി സമരങ്ങളെയും തുടർന്ന് ആപ്പിൾ ഐഫോണിന്‍റെ സ്‌പെയർ പാർട്‌സ് നിർമിക്കുന്ന ഫോക്‌സ്കോൺ കമ്പനി താൽക്കാലികമായി അടച്ചുപൂട്ടി. കാഞ്ചീപുരം ജില്ലയിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന കമ്പനിയിൽ 18,000ലധികം സ്ത്രീകളാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്‌തുവരുന്നത്.
കാഞ്ചിപുരത്തെ മൂന്ന് ഹോസ്റ്റലിലാണ് സ്ത്രീ തൊഴിലാളികൾ താമസിക്കുന്നത്. അടുത്തിടെ 100ഓളം സ്ത്രീ തൊഴിലാളികളെ ഹോസ്റ്റലിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് തൊഴിലാളികൾ മരിച്ചുവെന്ന് അഭ്യൂഹങ്ങളെ തുടർന്ന് ഡിസംബർ 17ന് രാത്രി 3000ലധികം സ്ത്രീ തൊഴിലാളികൾ ചെന്നൈ-ബെംഗളുരു ദേശീയ പാത ഉപരോധിച്ചു. 18 മണിക്കൂറോളം തുടർന്ന സമരത്തിൽ ദേശീയപാത പൂർണമായും സ്‌തംഭിച്ചു.
തുടർന്ന് തൊഴിലാളി ക്ഷേമ മന്ത്രി ഗണേശനും ഗ്രാമീണ വ്യവസായ മന്ത്രി ടി.എം അൻബരശനും സമരക്കാരുമായി ചർച്ച നടത്തുകയും സമരക്കാർ പ്രതിഷേധം പിൻവലിക്കുകയുമായിരുന്നു. പിന്നീട് ഫോക്‌സ്കോണിൽ നിന്നും വളരെ തുച്ഛമായ ശമ്പളമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും ഹോസ്റ്റലിൽ നിന്ന് നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം വളരെ മോശമാണെന്നും തൊഴിലാളികൾ മന്ത്രിമാരോട് പരാതിപ്പെട്ടു.
ഇതിെന തുടർന്ന് ഫാക്‌ടറി മാനേജ്‌മെന്‍റ് തൊഴിലാളികൾക്ക് 10 ദിവസം ശമ്പളത്തോടു കൂടി അവധി അനുവദിക്കുമെന്ന് അറിയിച്ചു. തുടർന്ന് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ സമരം ഉപേക്ഷിക്കാൻ തയാറായില്ല. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തു നീക്കുകയായിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചുവെങ്കിലും തൊഴിലാളികൾക്കൊപ്പം അറസ്റ്റിലായ 22 യൂണിയൻ എക്സിക്യൂട്ടീവുകൾക്കെതിരെ പൊലീസ് ആറ് വകുപ്പുകൾ പ്രകാരം കേസെടുത്തു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നിർദേശപ്രകാരം 2021 ഡിസംബർ 21ന് സെക്രട്ടേറിയറ്റിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഫോക്‌സ്‌കോൺ പ്രതിനിധികളുമായി ചർച്ച നടത്തി. തൊഴിലാളി സമരങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ഫാക്‌ടറി 25 ദിവസങ്ങൾക്ക് ശേഷം വീണ്ടും തുറന്നിരുന്നു. എന്നാൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ പ്രവർത്തിക്കാനായില്ല. തുടർന്ന് ഫാക്‌ടറിയിൽ തൊഴിലാളികളുടെ കുറവ് കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ഫോക്‌സ്കോൺ പ്ലാന്‍റിലെ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചു. പൊങ്കൽ ഉത്സവത്തിന് ശേഷം ഉൽപാദനം തുടങ്ങാനാണ് തീരുമാനം.
Also Read: സംസ്ഥാനത്ത് കുറയാതെ കൊവിഡ് ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് മടി