ബറേലി (യുപി): വിവാഹ ശേഷം ആണ്‍സുഹൃത്തുമായി സംസാരിച്ച യുവതിയ്‌ക്ക് നേരെ ആസിഡ് ഒഴിച്ച് പിതാവും ബന്ധുവും. ആസിഡ് ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവതിയുടെ പിതാവിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
ഏപ്രില്‍ 25ന് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ആഗ്രസ് ഗ്രാമത്തിലേക്കുള്ള റോഡരികില്‍ വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് കണ്ടെത്തിയതോടെയാണ് ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്. സംഭവം അറിഞ്ഞെത്തിയ പെലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് യുവതിയുടെ മൊഴി പെലീസ് ശേഖരിച്ചിരുന്നു.
പിതാവും ബന്ധുവുമാണ് തന്നെ ആക്രമിച്ചത് എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതോടെ ബന്ധുക്കളുടെ സഹായത്തോടെ ഒളിവില്‍ പോയ യുവതിയുടെ പിതാവിനെയും ബന്ധുവിനെയും പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് ഇരുവര്‍ക്കും എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹിതയായ മകള്‍ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് അറിഞ്ഞതോടെയാണ് ബന്ധുവിന്‍റെ സഹായത്തോടെ പിതാവ് യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ ഇവരുടെ മൊഴിയില്‍ വൈരുധ്യമുള്ളതായി പൊലീസ് കണ്ടെത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്ന് ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ആണ് യുവതിയുടെ മേല്‍ ഒഴിച്ചതെന്ന് പൊലീസ് കണ്ടെത്തി.
വിവാഹ ശേഷം യുവതി ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ചും ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഇതിനെ ചൊല്ലി ഭര്‍തൃമാതാവ് യുവതിയുടെ പിതാവിനെ വിളിച്ച് ശകാരിക്കുകയും ചെയ്‌തിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് മകളെ ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് പെലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പിതാവ് ടോത്താറാം, ബന്ധു ദിനേഷ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ സഹായിച്ച മറ്റ് ബന്ധുക്കള്‍ക്കായി അന്വേഷണം നടക്കുകയാണ്.