ഡെറാഡൂണ്‍: പുനര്‍ വിവാഹത്തിന് തടസമാകുമെന്ന് കരുതി രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ ജില്ലയിലെ ഡോയ്‌വാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേശവപുരിയില്‍ താമസിക്കുന്ന ജിതേന്ദ്ര സാഹ്‌നിയാണ് മക്കളായ മൂന്നുവയസുകാരി അഞ്ചലിനെയും ഒന്നര വയസുകാരി അനീസയെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
കൃത്യം നടത്തിയ ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ജിതേന്ദ്രക്കായുള്ള തെരച്ചിലിലാണ് പൊലീസ്. ഇന്നലെ (ജൂണ്‍ 23) വൈകിട്ട് കുട്ടികളുടെ മുത്തശ്ശി വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. വാതിലില്‍ തട്ടി വിളിച്ചിട്ട് പ്രതികരണം ഒന്നും ലഭിക്കാതിരുന്നതോടെ മുത്തശ്ശി വാതില്‍ തള്ളി തുറക്കുകയായിരുന്നു. വീടിനകത്ത് മരിച്ചു കിടക്കുന്ന തന്‍റെ കൊച്ചുമക്കളെ കണ്ട ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി. പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.
ജിതേന്ദ്രയുടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ച് വീട് വിട്ട് പോയതാണ്. ഇതിന് ശേഷം മക്കള്‍ക്കൊപ്പമാണ് ജിതേന്ദ്ര താമസിച്ചിരുന്നത്. ഇയാള്‍ പുനര്‍ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. കുട്ടികള്‍ വിവാഹത്തിന് തടസമാകുമെന്ന ചിന്തയില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ പൊലീസ് പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചു. ജിതേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
മകനെ കൊലപ്പെടുത്തി അമ്മ: കര്‍ണാടകയിലെ ബെലഗാവിയില്‍ വിവാഹേതര ബന്ധം കണ്ടെത്തിയ 21കാരനായ മകനെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഹരിപ്രസാദ് ഭോസ്‌ലെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മെയ് 28ന് ഇയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മ സുധ ഭോസ്‌ലെ ആണ് ഹരിപ്രസാദിനെ കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞു.
ആറുമാസം മുമ്പ് ഭര്‍ത്താവുമായി വഴക്കിട്ട് സുധ മാറി താമസിക്കുകയായിരുന്നു. ഹരിപ്രസാദും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ സുധയുടെ വിവാഹേതര ബന്ധത്തെച്ചൊല്ലി ഹരിപ്രസാദ് വഴക്കിടാന്‍ തുടങ്ങി. ഇക്കാര്യങ്ങൾ ഇയാളുടെ അച്ഛനോടും മറ്റ് ബന്ധുക്കളോടും പറയുകയും ചെയ്‌തു.
എന്നാൽ ഇക്കാര്യം മറ്റുള്ളവരോട് പറയരുത് എന്ന് സുധ ഹരിപ്രസാദിന് പലതവണ വിലക്കിയിരുന്നു. ഇത് അവഗണിച്ച് വിവരം എല്ലാവരെയും അറിയിച്ചതോടെയാണ് മകനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനിടെ മെയ് 28 ന് വീട്ടിൽ ഉറങ്ങിക്കിടന്ന ഹരിപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് ഭർത്താവ് സന്തോഷിനെയും ബന്ധുക്കളെയും വിളിച്ച്, ഹരിപ്രസാദിന് ഹൃദയാഘാതം ഉണ്ടായെന്നും ഉറക്കത്തിനിടെ മരിച്ചുവെന്നും സുധ പറഞ്ഞു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ രായഭാഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവരുടെ മൊഴി പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്‌തു.
അന്വേഷണത്തിൽ ഹരിപ്രസാദിന്‍റെ കഴുത്തിൽ ചില മുറിവുകൾ പൊലീസിന് കണ്ടെത്തി. ഇതോടെ ഹരിപ്രസാദിന്‍റേത് കൊലപാതകമാണെന്ന് ഉറപ്പിക്കുകയും സംശയം അമ്മയായ സുധയിലേക്ക് നീളുകയും ചെയ്‌തു. തുടർന്ന് ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വന്നത്.
ഹരിപ്രസാദിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇവർ സമ്മതിച്ചു. കേസിൽ ആകെ ഏഴ് പ്രതികള്‍ ഉണ്ടെന്നും മറ്റുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്നും എസ്‌പി സഞ്ജീവ് പാട്ടീൽ അറിയിച്ചു.
Also Read: വിവാഹേതര ബന്ധം ഭർത്താവിനെ അറിയിച്ചു ; 21 കാരനായ മകനെ കൊലപ്പെടുത്തി മാതാവ്