കോലാർ : കർണാടകയിൽ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബാംഗാരപേട്ട് താലൂക്കിലാണ് ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ മനം നൊന്ത് പെൺകുട്ടിയുടെ ആൺസുഹൃത്ത് ആത്മഹത്യ ചെയ്‌തു.
ബംഗാരപേട്ട് താലൂക്കിലെ കാമസമുദ്ര സ്വദേശിയായ കീർത്തി (20) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തായ ഗംഗാധർ (24) ആണ് ആത്മഹത്യ ചെയ്‌തത്. ഗംഗാധറും കീർത്തിയും ഒരു വർഷമായി അടുപ്പത്തിലായിരുന്നു. ഇതുവരുടേയും ബന്ധത്തെ കുറിച്ച് ഗംഗാധർ കീർത്തിയുടെ പിതാവായ കൃഷ്‌ണമൂർത്തിയെ അറിയിച്ചിരുന്നു.
എന്നാൽ ഇരുവരും വ്യത്യസ്‌ത ജാതിയിൽ നിന്നുള്ളവരായതിനാൽ കീർത്തിയുടെ കുടുംബം വിവാഹത്തെ എതിർത്തു. ഗംഗാധരനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കീർത്തിയോട് പിതാവ് പല തവണ ഉപദേശിച്ചെങ്കിലും പെൺകുട്ടി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ (27.6.23) കീർത്തിയും പിതാവ് കൃഷ്‌ണമൂർത്തിയും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് ദേഷ്യം വന്ന കൃഷ്‌ണമൂർത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കീർത്തിയുടെ മരണവിവരമറിഞ്ഞ് ഗംഗാധരൻ പിന്നീട് അത്മഹത്യ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് കാമസമുദ്ര പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്, കൃഷ്‌ണമൂർത്തിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല : കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ മറ്റൊരു സമുദായത്തിൽപ്പെട്ടതും വിവാഹിതനുമായ യുവാവിനെ വിവാഹം കഴിച്ചതിന് പെൺകുട്ടിയെ അമ്മാവൻ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സീതാപൂരിലെ പിസാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരഭിമാനക്കൊല നടന്നത്. ഗ്രാമത്തിലെ തന്നെ വിവാഹിതനായ യുവാവുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, ബന്ധത്തെ കുറിച്ച് അറിഞ്ഞ അമ്മാവൻ ഗാസിയാബാദിലേക്കയക്കുകയായിരുന്നു.
എന്നാൽ യുവാവ് ഗാസിയാബാദിലെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ദമ്പതികൾ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത് അറിഞ്ഞ അമ്മാവൻ യുവാവിന്‍റെ വീട്ടിലെത്തി പെൺകുട്ടിയെ വലിച്ചിറക്കി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആന്ധ്രാപ്രദേശിൽ ദുരഭിമാനക്കൊല : ആന്ധ്രാപ്രദേശിൽ ഫെബ്രുവരിയിൽ വിവാഹിതയായ മകൾക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവരെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. നന്ദ്യാല ജില്ലയിൽ ആലമുരു ഗ്രാമത്തിലെ ദേവേന്ദ്ര റെഡ്ഡിയാണ് മകൾ പ്രസന്നയെ (21) കൊലപ്പെടുത്തിയത്. ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സഹായത്തോടെ രണ്ട് കഷണങ്ങളാക്കി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രസന്നയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഹൈദരാബാദ് സ്വദേശിയുമായി രണ്ട് വർഷം മുൻപ് വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തെത്തുടർന്ന് ഹൈദരാബാദിലായിരുന്നു ഇവരും താമസിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മുന്‍പ് പ്രസന്ന മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും വീണ്ടും അടുപ്പത്തിലാവുകയും പ്രസന്ന ഭർത്താവിന്‍റെ വീട്ടിൽ നിന്ന് നാട്ടിലേക്ക് തിരികെ വരികയും ചെയ്‌തു.
ഇതോടെ കുടുംബത്തിന്‍റെ മാനം നഷ്‌ടപ്പെട്ടെന്ന് ആരോപിച്ച് ദേവേന്ദ്ര റെഡ്ഡി മകളോട് ദേഷ്യപ്പെടുകയും ഫെബ്രുവരി 10ന് യുവതിയെ വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം കാറിൽ കയറ്റി വനമേഖലയിലേക്ക് കൊണ്ടുപോവുകയും മൃതദേഹത്തിന്‍റെ തലയും ഉടലും വേർപെടുത്തി ഉപേക്ഷിക്കുകയുമായിരുന്നു.