ചണ്ഡിഗഡ്: ജൂൺ ഏഴിന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കാൻ ആഹ്വാനം ചെയ്‌ത് ഹരിയാന കർഷക യൂണിയനുകൾ. ജനനായക് ജനതാ പാർട്ടി (ജെജെപി) എംഎൽഎ ദേവേന്ദർ സിഗ് ബാബ്ലിയുമായുള്ള തർക്കത്തെ തുടർന്ന് തടവിലാക്കപ്പെട്ട രണ്ട് കർഷകരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഭരണകൂടവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരാൻ ഹരിയാനയിലെ എല്ലാ പൗരന്മാരോടും കർഷക യൂണിയനുകൾ അഭ്യർഥിച്ചു.
Also Read: കൊവാക്‌സിന്‍ 18-44 വയസുകാരില്‍ രണ്ടാം ഡോസിന് മാത്രം ഉപയോഗിക്കണം: ഡൽഹി സർക്കാർ
സിർസ, ഫത്തേഹാബാദ്, ജിന്ദ്, ഹിസാർ എന്നീ സ്ഥലങ്ങലിലെ കർഷകരോട് തങ്ങളുടെ കൂട്ടായ ശക്തി പ്രകടിപ്പിക്കുന്നതിനായി തോഹാന പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടാൻ യൂണിയനുകൾ പ്രത്യേക അഭ്യർഥന നടത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലെ കർഷകർ അതത് പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കർഷക യൂണിയനുകൾ ആവശ്യപ്പെട്ടു. കർഷകരെ മോചിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഭരണകൂടവുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
Also Read: ബംഗാളില്‍ ബോംബ് ആക്രമണത്തില്‍ ബിജെപി പ്രവർത്തകൻ മരിച്ചു
2017 ൽ മധ്യപ്രദേശിലെ മന്ദ്‌സൗറിൽ പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് കർഷകരെ അനുസ്‌മരിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സങ്കൽപ് ദിവസ് ആചരിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നിരവധി കർഷകർ ഓൺലൈൻ, ഓഫ്‌ലൈൻ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ കാർഷികോത്പന്നങ്ങൾക്ക് പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ദ്‌സൗറിൽ നടന്ന പ്രക്ഷോഭത്തിനിടെ അഭിഷേക്, പുനാംചന്ദ്, ചെൻറാം, സത്യനാരായണൻ, കൻഹയലാൽ, ഗാൻഷ്യം എന്നിവരെ മധ്യപ്രദേശ് പൊലീസ് കൊലപ്പെടുത്തുകയായിരുന്നു എന്ന് കർഷകർ ആരോപിച്ചു. ഡൽഹി അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണെന്നും കർഷകർ പറഞ്ഞു. സിങ്കു, തിക്രി, ഖാസിപ്പൂർ എന്നിവിടങ്ങളിലേക്കൊക്കെ നൂറ് കണക്കിന് വാഹനങ്ങളിൽ വലിയ സംഘങ്ങൾ എത്തിയിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.