ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. കൊവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാൻ ഖട്ടർ ഹിസാറിലെത്തിയപ്പോഴാണ് സമരം ചെയ്യുന്ന കർഷകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
Also read: ഹരിയാനയില്‍ കൊവിഡ് ലോക്ക്ഡൗണ്‍ മെയ് 24 വരെ നീട്ടി
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 26 മുതൽ കർഷകർ ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രി കർഷകരോട് പ്രതിഷേധം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സരമം നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ കർഷകനേതാക്കളോട് താത്കാലികമായി സമരം നിർത്തിവെക്കാൻ താൻ വീണ്ടും അഭ്യർഥിക്കുന്നതായി ലാൽ ഖട്ടർ പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുകയെന്നത് മാത്രമാണ് നമ്മുടെ എല്ലാവരുടെയും ലക്ഷ്യം. മനുഷ്യജീവിതത്തേക്കാൾ കൂടുതലൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഹരിയാനയിൽ മെയ് 24 വരെ സർക്കാർ ലോക്ക് ഡൌൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,676 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.