ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം 20-ാം ദിവസവും തുടരുന്നു. മുൻ സൈനിക ഉദ്യോഗസ്ഥരും പ്രതിഷേധത്തിൽ കർഷകരോടൊപ്പം പങ്കുചേർന്നു.
കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക് പുറപ്പെട്ടു. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ വ്യക്തമാക്കി. അതേസമയം, രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ കർഷകർ മാത്രമാണ് നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളതെന്ന് കേന്ദ്രമന്ത്രി തവർ ചന്ദ് ഗെഹ്ലോട്ട് ആരോപിച്ചു. സിംഗു (ഡൽഹി-ഹരിയാന) അതിർത്തിയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും (ആർഎഎഫ്) അധിക സേനയേയും വിന്യസിച്ചിട്ടുണ്ട്.