ലഖിംപൂർ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരി അക്രമ കേസില്‍ നീതി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ കുത്തിയിരിപ്പ് സമരം. 75 മണിക്കൂര്‍ നീണ്ട സമരത്തിനാണ് സംഘടന ആഹ്വാനം ചെയ്‌തത്. സമരത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 31 കര്‍ഷക സംഘടനയിലെ അംഗങ്ങള്‍ പങ്കെടുക്കും.
ഓഗസ്റ്റ് 18 ന് ആരംഭിച്ച സമരം 20നാണ് കര്‍ഷകര്‍ അവസാനിപ്പിക്കുക. കേന്ദ്രസർക്കാർ ഇപ്പോൾ പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുക, ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുക, വിളകളുടെ അടിസ്ഥാന താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകുക എന്നിവയും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ടികുനിയ അക്രമ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജയിലിൽ കഴിയുന്ന നാല് കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 3 ന് ടികുനിയ മേഖലയിലുണ്ടായ അക്രമത്തിൽ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിനെ തുടര്‍ന്ന് ലഖിംപൂരിലെ കര്‍ഷകര്‍ മന്ത്രിമാര്‍ക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കും മറ്റ് 14 പേര്‍ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപകമായി നടന്ന സമരങ്ങളില്‍ ലഖിംപൂര്‍ ഒരു പ്രധാന സമര കേന്ദ്രമാണ്. ലഖിംപൂരില്‍ കര്‍ഷകര്‍ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
നരേഷ് ടികായത്, രാകേഷ് ടികായത്, ദർശൻ സിങ് പാൽ, ജോഗീന്ദർ സിങ് ഉഗ്രഹൻ, യോഗേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് സമരം.