ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ആറുമാസത്തെ പ്രകടനങ്ങളുടെ അടയാളമായി കരിദിനം ആചരിക്കുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബുധനാഴ്‌ച പ്രതിഷേധം സമാധാനപരമായി നടക്കുമെന്ന് ഭാരതീയ കിസാൻ യൂണിയന്‍റെ (ബികെയു) ദേശീയ വക്താവ് രാകേഷ് ടിക്കായത് അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: കര്‍ഷക പ്രക്ഷോഭം; കൊവിഡ് നിയന്ത്രണത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ
കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം ആറാം മാസത്തിലേക്ക് കടക്കുകയാണ്. എന്നാൽ സർക്കാരിൽ നിന്ന് യാതൊരു പരിഗണനയും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ സമരഭൂമിയിൽ കർഷകർ കരിങ്കൊടികൾ സ്ഥാപിച്ച് പ്രതിഷേധിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമാധാനപരമായി തന്നെ പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരിദിനം ആചരിക്കുന്നതിന് മുന്നോടിയായി ഭാരതീയ കിസാൻ യൂണിയൻ ഏക്താ ഡകോണ്ട മൻസയിൽ ഒരു റാലി സംഘടിപ്പിച്ചു. കൂടാതെ ചണ്ഡിഗഡ്, ബതിന്ദ, ജലന്ധർ എന്നിവിടങ്ങളിൽ വനിതാ പ്രക്ഷോഭകർ ആയിരക്കണക്കിന് കരിങ്കൊടികളാണ് സ്ഥാപിച്ചത്. കർഷകരെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് എംഎൽഎ നവജോത് സിങ് സിദ്ധുവും കുടുംബസമേതം ചൊവ്വാഴ്‌ച പാടിയലിലെ വസതിയിൽ കരിങ്കൊടി ഉയർത്തി.