ചണ്ഡീഗഢ്: കര്‍ണാലില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് പ്രയോഗിച്ചതിനെ തുടര്‍ന്ന് നടത്തി വന്ന പ്രതിഷേധ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ലാത്തി ചാര്‍ജിന് ഉത്തരവിട്ട മുന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഹൈക്കോടതി റിട്ടയേഡ് ജഡ്‌ജിന്‍റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണമുണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിങ് ചാദുനി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും. അത് വരെ കര്‍ണാല്‍ മുന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ നിര്‍ബന്ധിത അവധിയില്‍ തുടരുമെന്നും ചാദുനി വ്യക്തമാക്കി.
കര്‍ണാലിലെ ലാത്തി ചാര്‍ജ്
ഓഗസ്റ്റ് 28 ന് വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് ലാത്തിചാര്‍ജുണ്ടായത്. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും പത്ത് കർഷകർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ പരിധി ലംഘിക്കുകയാണെങ്കില്‍ തല അടിച്ച് പൊട്ടിക്ക് എന്ന് ആയുഷ് സിന്‍ഹ പൊലീസുകാരോട് പറയുന്ന ടേപ്പ് പുറത്ത് വന്നതിന് പിന്നാലെ സിന്‍ഹയെ സിറ്റിസണ്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് അഡീഷണല്‍ സെക്രട്ടറിയായി സര്‍ക്കാര്‍ സ്ഥലം മാറ്റി.
സംഭവത്തിന് പിന്നാലെ സിന്‍ഹയ്ക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് പുറത്ത് നിരവധി കര്‍ഷകര്‍ സമരം ചെയ്‌തിരുന്നു. സിന്‍ഹ ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, മരിച്ച കര്‍ഷകന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്‌ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കണം, ലാത്തി ചാര്‍ജിനിടെ പരിക്കേറ്റ കര്‍ഷകര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ട് ലക്ഷം രൂപ വീതം നല്‍കണം എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്.