ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളില്‍ ഉന്നതതല ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർഷക യൂണിയനുകൾ. സംയുക്ത കിസാൻ മോർച്ചയാണ് അന്വേഷണം ആവശ്യപ്പെട്ടത്. വിഷയം സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്‌ജ് അന്വേഷിക്കണമെന്നും ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും കിസാൻ മോർച്ച നേതാവ് കുൽദീബ് സിങ്ങ് ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിന ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 16 കർഷകരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും കിസാൻ മോർച്ച അറിയിച്ചു. ട്രാക്‌ടർ റാലിക്കിടെ നടന്ന അക്രമങ്ങളിൽ നിരവധി കർഷകർക്കും 500 ഓളം പൊലീസുകാർക്കും പരിക്കേറ്റിരുന്നു. റിപ്പബ്ലിക്ക് ദിന സംഭവങ്ങളുമായി ബന്ധപ്പെട്ട് 44 എഫ്‌ഐആറുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്‌തത്.