നാസിക്: മുന്തിരിതോട്ടങ്ങളുടെ നാടാണ് മഹാരാഷ്‌ട്രയിലെ നാസിക്. അത്തരമൊരു മുന്തിരിത്തോട്ടത്തിൽ കർഷകനായ കിരൺ പിംഗാലെ ഒരു ഹോട്ടല്‍ ആരംഭിച്ചു. സംഗതി ഇപ്പോൾ സൂപ്പർ ഹിറ്റാണ്. നാസിക്കിലെ മഖ്‌മലാബാദ് റോഡിലാണ് മുന്തിരിതോട്ടം ഗ്രേപ്‌സ് എംബസി എന്ന പേരില്‍ ഹോട്ടലാക്കി മാറ്റിയത്.
മഹാരാഷ്‌ട്രയുടെ ഇഷ്‌ടഭക്ഷണമായ മിസൽ പാവാണ് ഗ്രേപ്‌സ് എംബസിയിലെ പ്രധാനഭക്ഷണം. മുന്തിരിപ്പാടത്തിന്‍റെ മനോഹാരിത ആസ്വദിക്കാനും ഒപ്പം രുചിയൂറും മിസൽ പാവ് കഴിക്കാനും നിരവധി ആളുകൾ കുടുംബസമേതം ഇവിടേക്കെത്തുന്നു.
മിസൽ പാവിന് പുറമേ മുന്തിരി കൊണ്ടുള്ള വിവിധതരം വിഭവങ്ങൾക്കും ആവശ്യക്കാരേറെയാണ്. അതിനൊപ്പം സൈനികർക്ക് 50 ശതമാനം ഇളവും ഈ ഹോട്ടലിലുണ്ട്. ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് ഗ്രേപ്‌സ് എംബസി.