ഷിമോഗ (കര്‍ണാടക): അരയ്ക്കാനും പൊടിക്കാനും മിക്‌സിയും ഗ്രൈന്‍ഡറുമുണ്ട്, പക്ഷേ വീട്ടില്‍ വൈദ്യുതിയില്ലെങ്കില്‍ എന്തു ചെയ്യും. മിക്‌സിയും മറ്റ് അവശ്യ സാധനങ്ങളുമായി വൈദ്യുതി വകുപ്പ് ഓഫിസിലേക്ക് നേരെ ചെല്ലുക എന്നതായിരുന്നു കര്‍ണാടകയിലെ ഷിമോഗ സ്വദേശി ഹനുതപ്പ കണ്ടെത്തിയ മാർഗം. ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും വൈദ്യുതി ക്ഷാമത്തിന് മാത്രം പരിഹാരമാകാതായതോടെയാണ് ഹനുതപ്പ പുതിയ പ്രതിഷേധ മാര്‍ഗം സ്വീകരിച്ചത്.
ഷിമോഗയിലെ ഭദ്രാവതി താലൂക്കിലെ മല്ലപൂർ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് കര്‍ഷകനായ ഹനുതപ്പ. ഈയിടെയാണ് ഹനുതപ്പ ഗ്രാമത്തില്‍ ഒരു ഫാം ഹൗസ് നിര്‍മിച്ചത്. എന്നാല്‍ വൈദ്യുതി ലഭിക്കാതെ ഫാം ഹൗസ് നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു.
ഉദ്യോഗസ്ഥന്‍റെ പരിഹാസം: കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള വൈദ്യുത ബോര്‍ഡായ മെസ്‌കോം (മംഗലാപുരം ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) അധികൃതരെ പല വട്ടം സമീപിച്ചെങ്കിലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല. മുടക്കമില്ലാതെ വൈദ്യുതി ഗ്രാമത്തിലെത്തണമെങ്കില്‍ ചിലവ് ഹനുതപ്പ വഹിക്കണമെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍ ഇതിന് ഹനുതപ്പ ഒരുക്കമായിരുന്നില്ല.
എംഎല്‍എയെ കണ്ട് ശുപാര്‍ശ കത്തുമായി വീണ്ടും മെസ്‌കോം അധികൃതരെ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. വൈദ്യുതി ഇല്ലാത്തതിനാല്‍ വീട്ടില്‍ പാചകം ചെയ്യാന്‍ കഴിയുന്നില്ലെന്ന തന്‍റെ നിസഹായവസ്ഥ ഹനുതപ്പ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വൈദ്യുതി ഇല്ലെങ്കില്‍ മെസ്‌കോം ഓഫിസില്‍ വന്ന് സുഗന്ധദ്രവ്യങ്ങള്‍ പൊടിച്ചോളൂ എന്ന് ഒരു ഉദ്യോഗസ്ഥന്‍ പരിഹാസരൂപേണ പറഞ്ഞു.
മിക്‌സിയുമായി വൈദ്യുതി ഓഫിസിലേക്ക്: ഹനുതപ്പ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. തനിക്കാവശ്യമായ സുഗന്ധവ്യഞ്ജനങ്ങളുമായി ഒട്ടുമിക്ക ദിവസവും പ്രദേശത്തെ മെസ്കോം വിതരണ കേന്ദ്രത്തിലെത്തി. ഒടുവില്‍ ഹനുതപ്പയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി.
അതേസമയം, അനവേരിയിൽ വൈദ്യുതി ക്ഷാമമുള്ള കാര്യം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മെസ്‌കോമിലെ ഉദ്യോഗസ്ഥന്‍ ജെ.ഇ വിശ്വനാഥ് ഇടിവി ഭാരതിനോട് പറഞ്ഞു. 'ഐപി (ഇരിഗേഷന്‍ പൈപ്പ്) സെറ്റിൽ നിന്നാണ് ഹനുതപ്പക്ക് വൈദ്യുതി നൽകിയത്, അദ്ദേഹം ഗ്രാമത്തിൽ മറ്റൊരിടത്ത് താമസിക്കുന്നതിനാൽ അവിടെ പുതിയ ലൈൻ സ്ഥാപിക്കുന്നതിന് അനുമതി ആവശ്യമാണ്. അദ്ദേഹത്തിന്‍റെ വീട്ടിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 8 മണി വരെ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ബാക്കിയുള്ള സമയത്ത് വൈദ്യുതി ഇല്ല,' ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ഹനുതപ്പ വൈദ്യുതി ക്ഷാമത്തെ കുറിച്ച് പരാതി നല്‍കാന്‍ അനവേരി ഓഫിസിൽ ഒരിക്കലും വന്നിട്ടില്ലെന്നാണ് മെസ്‌കോം അധികൃതര്‍ പറയുന്നത്. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതിനാൽ എത്രയും വേഗം ഇതിന് പരിഹാരം കണ്ടെത്തുമെന്നും അധികൃതര്‍ ഉറപ്പ് നൽകിയിട്ടുണ്ട്.