ഹൈദരാബാദ്: നഗരത്തിലെ ഒരു ജ്വല്ലറി. സാധാരണ ദിവസങ്ങളിലേത് പോലെ തന്നെ അന്നും തുറക്കുന്നു. സ്വർണം വാങ്ങുന്നതിനായി ചിലർ കടയിലേക്ക് വരുന്നു. ഇതിനിടെ സ്യൂട്ട് ധരിച്ച് ആദായ നികുതി ഉദ്യോഗസ്ഥരെപ്പോലെ തോന്നിക്കുന്ന ചിലർ കടയിലേക്കെത്തി. തുടർന്ന് ജീവനക്കാരെ തടഞ്ഞുവച്ച ശേഷം കട മുഴുവൻ പരിശോധന നടത്തി. നീണ്ട നേരത്തെ പരിശോധനയ്‌ക്ക് ശേഷം കടയിലുണ്ടായിരുന്ന കുറച്ച് സ്വർണത്തിന് നികുതി അടച്ചിട്ടില്ല എന്ന് അവർ അറിയിച്ചു.
ശേഷം നടപടികൾക്കെന്ന് അറിയിച്ച് കൊണ്ട് സ്വർണവുമായി അവിടെ നിന്ന് മടങ്ങി. ഇതൊരു സിനിമ കഥയാണെന്ന് കരുതിയെങ്കിൽ തെറ്റി. ഹൈദരാബാദിൽ കഴിഞ്ഞ ദിവസം നടന്ന വിദഗ്‌ധമായൊരു കവർച്ചയുടെ കഥയാണിത്. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രം 'താനാ സേർന്ത കൂട്ടത്തിലെ' കവർച്ച രംഗത്തിന് സമാനമായ രീതിയിലായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വൻ കവർച്ച നടത്തിയത്.
മോണ്ട മാർക്കറ്റിലെ ബാലാജി ജ്വല്ലറിയിൽ നിന്നാണ് കവർച്ച സംഘം 1.7 കിലോഗ്രാം സ്വർണ്ണം നിസാരമായി കവർന്നുകൊണ്ട് പോയത്. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. രാവിലെ തന്നെ ആദായ നികുതി ഉദ്യോഗസ്ഥരുടെ വേഷവിധാനങ്ങളോടെ ജ്വല്ലറിയിലെത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ കടയിലുള്ളവർക്കോ പരിസരത്തുള്ളവർക്കോ ഒരു സംശയവും തോന്നാത്ത രീതിയിൽ പണം കവർന്ന് മടങ്ങുകയായിരുന്നു.
സ്വർണവും കണക്കുകളും പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘം ബാലാജി ജ്വല്ലറിയിൽ എത്തിയത്. കുറച്ച് സമയത്തെ തെരച്ചിലിന് ശേഷം കടയിലുണ്ടായിരുന്ന 1.7 കിലോ വരുന്ന സ്വർണ ബിസ്‌കറ്റിന് നികുതി അടച്ചിട്ടില്ല എന്ന് അറിയിക്കുകയായിരുന്നു. ശേഷം കൂടുതൽ പരിശോധനകൾക്കെന്ന് പറഞ്ഞുകൊണ്ട് സ്വർണ ബിസ്‌കറ്റുമായി കടയിൽ നിന്ന് മുങ്ങുകയും ചെയ്‌തു
കട ഉടമ സ്ഥലത്തില്ലാത്തതിനാൽ അയാളുടെ ബന്ധുവായിരുന്നു കടയിലുണ്ടായിരുന്നത്. കവർച്ച സംഘം പോയതിന് പിന്നാലെ ചില ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തിയെന്നും സ്വർണം കൊണ്ടുപോയെന്നും ഇയാൾ അടുത്തുള്ള സ്വർണക്കടക്കാരെ അറിയിച്ചു. എന്നാൽ തങ്ങളുടെ കടയിൽ ആരും തന്നെ വന്നിട്ടില്ലെന്നും, ആദ്യം നോട്ടിസ് നൽകിയ ശേഷം മാത്രമേ ഉദ്യോഗസ്ഥർ പരിശോധന നടത്താൻ എത്താറുള്ളുവെന്നും അവർ അറിയിച്ചു.
ഇതോടെ സംശയം തോന്നിയ ബന്ധു കടയുടമയെ വിളിച്ച് കാര്യം പറയുകയും ഉടമ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് എത്തിയത് അന്വേഷണ ഉദ്യോഗസ്ഥരല്ലെന്നും കവർച്ച സംഘമാണെന്നും മനസിലായത്. പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അഞ്ചംഗ സംഘമാണ് കടയിലെത്തിയതെന്നും കണ്ടെത്തി.
കവർച്ച നടക്കുമ്പോൾ കടയിൽ മൂന്ന് തൊഴിലാളികളാണ് കടയിൽ ഉണ്ടായിരുന്നത്. ആദായ നികുതി വകുപ്പിന്‍റെ ഐഡി കാർഡ് കാണിച്ച് 17 സ്വർണ ബിസ്‌ക്കറ്റുകളാണ് (100 ഗ്രാം വീതം) മോഷ്‌ടാക്കൾ കൈക്കലാക്കിയത്. സ്വർണം കൈക്കലാക്കിയ ശേഷം തൊഴിലാളികളെ കടയ്‌ക്കകത്തിട്ട് പൂട്ടിയ ശേഷമാണ് ഇവർ മടങ്ങിയത്. കടയിലേക്ക് സ്വർണം എത്തിച്ചതിന് തൊട്ട് പിന്നാലെയാണ് മോഷ്‌ടാക്കൾ അവിടേക്ക് എത്തിയത്.
അതിനാൽ തന്നെ സ്വർണക്കടയെക്കുറിച്ച് കൃത്യമായ വിവരം അറിയാവുന്നവരാണ് മോഷണത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ നിഗമനം. മോഷണത്തിന് ശേഷം സെക്കന്തരാബാദിൽ നിന്ന് ഉപ്പൽ ഭാഗത്തേക്കാണ് പ്രതികൾ പോയതെന്നും പോലീസ് കണ്ടെത്തി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും മോഷണം നടത്തിയ പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായും നോർത്ത് സോൺ ഡിസിപി ചന്ദന ദീപ്‌തി പറഞ്ഞു.