ചണ്ഡീഗഡ് : ആൾമാറാട്ടം നടത്തി ക്രിക്കറ്റ് താരം ഋഷഭ് പന്ത് ഉൾപ്പടെ മൂന്ന് പേരിൽ നിന്നും പണം തട്ടിയയാൾ അറസ്‌റ്റിൽ. അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) ആയി വേഷമിട്ട് ഋഷഭ് പന്തിൽ നിന്നും ഇയാൾ 1.5 കോടി രൂപയാണ് തട്ടിയെടുത്തത്. ഇതിന് പുറമെ ജലന്ധർ ആസ്ഥാനമായുള്ള ട്രാവൽ ഏജന്‍റിൽ നിന്ന് 5.76 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു. സംഭവത്തിൽ ഹരിയാനയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരമായ മരിയാങ്ക് സിങിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പഞ്ച്‌കുളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പം കൂട്ടാളിയായ മറ്റൊരാളെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. എഡിജിപി അലോക് കുമാറിന്‍റെ വേഷം കെട്ടിയാണ് ഇയാൾ പലയിടങ്ങളിലായി പലരെയും കബളിപ്പിച്ചത്. ഫരീദാബാദിലെ സെക്‌ടർ 17ൽ നിന്നുള്ള മരിയാങ്കും സഹായി രാഘവ് ഗോയലും നിലവിൽ മൊഹാലിയിലെ ഫേസ് 8 പൊലീസ് സ്റ്റേഷനിൽ രണ്ട് ദിവസത്തെ റിമാൻഡിലാണ്.
ബിസിനസിൽ ചേരാൻ ആവശ്യപ്പെട്ട്, പിന്നീട് പറ്റിച്ച് കടന്നു കളഞ്ഞു : 2021 ജനുവരിയിൽ സോണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിൽ വച്ചാണ് ഋഷഭ് പന്തിനെ മരിയാങ്ക് കണ്ടുമുട്ടുന്നത്. ആഡംബര വാച്ചുകൾ ഉൾപ്പടെയുള്ള വസ്‌തുക്കളുടെ ബിസിനസ് ആണെന്ന് ഇയാൾ അന്ന് പന്തിനെ തെറ്റിധരിപ്പിച്ചു. തുടർന്ന് തന്നോടൊപ്പം ബിസിനസിൽ ചേരാൻ പന്തിനോട് ഇയാൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് ചില ആഡംബര വാച്ചുകളും ബാഗുകളും മരിയാങ്കിന് റീസെയിൽ ചെയ്യാൻ പന്ത് നൽകിയിരുന്നു.
പകരമായി പ്രതി ഒന്നര കോടി രൂപയുടെ ചെക്ക് പന്തിന് നൽകിയെങ്കിലും പിന്നീട് ചെക്ക് മടങ്ങുകയായിരുന്നു. അടുത്തിടെയാണ് ജലന്ധറിൽ നിന്നുള്ള ഒരു ട്രാവൽ ഏജന്‍റ് മരിയാങ്കിനായി ആഭ്യന്തര വിമാന ടിക്കറ്റുകളും ഹോട്ടൽ മുറികളും ബുക്ക് ചെയ്‌തതായി ആരോപിച്ചത്. ഇതിന് പുറമെ മൊഹാലിയിൽ വച്ച് പ്രതി ഏജന്‍റിൽ നിന്നും 50,000 രൂപ കടം വാങ്ങുകയും ചെയ്‌തിരുന്നു.
പണം വാങ്ങി മുങ്ങി : 15 ദിവസത്തിനകം മുഴുവൻ പണവും തിരികെ നൽകാമെന്ന വാഗ്‌ദാനത്തിലായിരുന്നു പണം കടം വാങ്ങിയത്. എന്നാൽ മരിയാങ്ക് ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ട്രാവൽ ഏജന്‍റ് പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. അന്വേഷണത്തിൽ നേരത്തെ പന്തിനെയും മുംബൈയിലെ മറ്റൊരു വ്യവസായിയെയും പ്രതി സമാനമായ രീതിയിൽ കബളിപ്പിച്ചതായി കണ്ടെത്തി. പ്രതി വ്യവസായിയുമായി സമൂഹ മാധ്യമം വഴി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.