മുംബൈ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഭരണത്തിലേറി ഒരു വര്‍ഷത്തിലേക്കടുക്കുന്ന ശിവസേനയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡി സര്‍ക്കാര്‍ എല്ലാ തരത്തിലും പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവുമധികം പരാജയപ്പെട്ട സര്‍ക്കാരാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്‌ട്രയിലാണ്. 47,000 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. എന്നിട്ടും കൊവിഡിനെ ശക്തമായി പ്രതിരോധിച്ചെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദമെന്നും ഫഡ്‌നാവിസ് ആരോപിച്ചു.
കൊവിഡ് പ്രതിരോധ സംവിധാനങ്ങളില്‍ വൻ അഴിമതി നടന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് താൻ നിരവധി കത്തുകളയച്ചിരുന്നുവെന്നും എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. നടി കങ്കണ റണൗട്ടിനെതിരെയും മാധ്യമപ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമിക്കെതിരെയുമുള്ള കേസുകള്‍ സര്‍ക്കാരിന്‍റെ അധികാരദുര്‍വിനിയോഗത്തിന്‍റെ തെളിവുകളാണെന്നും മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ ഹിന്ദുത്വ അജണ്ടയില്‍ നിന്ന് ശിവസേന പൂര്‍ണമായും പിൻവാങ്ങി. എങ്ങനെയാണ് അവര്‍ക്ക് സവര്‍ക്കറിനെ മറക്കാനായത്. ചൈനയുടെ സഹായത്തോടെ ഭരണഘടനയുടെ 370 ആം അനുച്ഛേദം തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് ശിവസനേ പിന്തുണ നല്‍കുകയാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.
വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണ്. സര്‍ക്കാരിന്‍റെ പല നടപടികളെയും കോടതികള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ടെന്നും, അതില്‍ ആര് മാപ്പ് പറയുമെന്നും ഫഡ്‌നാവിസ് ചോദിച്ചു. അധികാരത്തില്‍ തുടരണമെങ്കില്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. അത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. മോദിയുടെ പേര് പറഞ്ഞ് വോട്ട് നേടിയവര്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കി. ചതിയൻമാരുടെ സര്‍ക്കാരാണ് മഹാരാഷ്‌ട്രയിലേതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.