ന്യൂഡല്‍ഹി : പാക് വനിതാ രഹസ്യാന്വേഷണ ഏജന്‍റുമായി രഹസ്യവിവരങ്ങള്‍ പങ്കുവച്ചതിന് വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരന്‍ അറസ്‌റ്റില്‍. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫായി (എംടിഎസ്) ജോലി ചെയ്യുന്ന നവീൻ പാൽ എന്നയാളാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 2008 കൂടാതെ 1923 ലെ ഓഫീഷ്യൽ സീക്രട്ട്സ് ആക്‌ടിലെ സെക്ഷൻ മൂന്ന്, അഞ്ച്, ഒമ്പത് എന്നിവ പ്രകാരമാണ് നവീൻ പാലിനെതിരെ കേസെടുത്തിട്ടുള്ളത്. മാത്രമല്ല കൂടുതൽ അന്വേഷണത്തിനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഡിജിറ്റൽ ഗാഡ്‌ജെറ്റുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ക്രോസിങ് റിപ്പബ്ലിക് ഏരിയയിൽ താമസിക്കുന്ന നവീന്‍ പാൽ, വാട്‌സ്‌ആപ്പ് വഴി 'അഞ്ജലി കൽക്കട്ട' എന്ന് സ്വയം പരിചയപ്പെടുത്തിയ സ്‌ത്രീയുമായി ബന്ധപ്പെട്ടിരുന്നതായും ഇതുവഴി ഹണിട്രാപ്പില്‍ കുടുങ്ങിയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. മാത്രമല്ല ഇന്ത്യയില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പടെയുള്ളവ പാകിസ്‌താനി ഏജന്‍റുമായി നവീന്‍ പാല്‍ പങ്കുവച്ചതായാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതേസമയം ചാരവൃത്തി ആരോപിച്ച് ഡിആർഡിഒ ശാസ്‌ത്രജ്ഞൻ പ്രദീപ് കുരുൽക്കർ അറസ്‌റ്റിലായി രണ്ട് മാസത്തിനിപ്പുറമാണ് സമാനമായ സംഭവം.
കുരുല്‍ക്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എടിഎസ് : ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനിലെ ശാസ്‌ത്രജ്ഞനായിരുന്ന പ്രദീപ് കുരുല്‍ക്കറിനെതിരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുരുല്‍ക്കര്‍ രണ്ട് സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അറിയിച്ചിരുന്നു. ഡിആര്‍ഡിഒ ക്യാമ്പസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ സ്‌ത്രീകളാണ് ലൈംഗിക ചൂഷണത്തിന് ഇരകളായതെന്നും കുറ്റപത്രത്തിലുണ്ട്. പ്രദീപ് കുരുല്‍ക്കറിനെതിരെ 1837 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
കേസിലേക്ക് ഇങ്ങനെ : ഡോ.പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യന്‍ മിസൈലിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക് വനിത ഇന്‍റലിജന്‍സ് ഏജന്‍റായ, സാറ ദാസ് ഗുപ്‌തയെന്ന് പരിചയപ്പെടുത്തിയ യുവതിക്ക് കൈമാറിയെന്നതാണ് കേസ്. കുരുല്‍ക്കര്‍ പാകിസ്‌താന് വേണ്ടി ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്ന വിവരം പുറത്തുവന്നതോടെയാണ് വിഷയത്തില്‍ എടിഎസ് അന്വേഷണം ആരംഭിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുംബൈയിലെ ഡിആര്‍ഡിഒയുടെ ഗസ്റ്റ് ഹൗസിലെ സിസിടിവിയില്‍ കണ്ടെത്തിയ ആറ് സ്‌ത്രീകളെ കുറിച്ചും അന്വേഷണം നീണ്ടു.
Also Read: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ ഗ്യാസ് ഏജൻസി ഉടമ രാജസ്ഥാനിൽ അറസ്റ്റിൽ
ബ്രഹ്മോസ് മിസൈൽ, അഗ്നി-6 മിസൈൽ, ആകാശ് മിസൈൽ, അസ്ത്ര മിസൈൽ, ഡ്രോൺ പ്രൊജക്‌ട്, റുസ്‌തം പ്രൊജക്റ്റ്, ക്വാപ്റ്റർ, ഇന്ത്യൻ നികുഞ്ച് പരാശർ, യുസിഎവി, ഡിആർഡിഒ ഡ്യൂട്ടി ചാർട്ട്, മിസൈൽ ലോഞ്ചർ, മെറ്റിയോർ മിസൈൽ, എംബിഡിഎ എന്നിവയെ കുറിച്ച് ഡോ. കുരുൽക്കർ സാറ ദാസിന് വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും എടിഎസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.