പൂനെ: രാഷ്‌ട്രീയ ലാക്കോടെ ചൈന വിഷയത്തില്‍ ചിലര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. 1962 ല്‍ ചൈന പിടിച്ചെടുത്ത ഭൂമിയെ കുറിച്ച് പറയുന്നത് ഈയിടെ സംഭവിച്ച പ്രതീതിയിലാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനമായാണ് എസ് ജയശങ്കറിന്‍റെ പ്രസ്‌താവന വിലയിരുത്തപ്പെടുന്നത്.
ദി ഇന്ത്യ വേ എന്ന ജയശങ്കറിന്‍റെ പുസ്‌തകത്തിന്‍റെ മറാഠി വിവര്‍ത്തനമായ ഭാരത് മാര്‍ഗിന്‍റെ പൂനെയില്‍ നടന്ന പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്ധു നദീജല ഉടമ്പടി (ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി- ഐഡബ്ല്യുടി)യെ കുറിച്ചും ചടങ്ങില്‍ ജയശങ്കര്‍ സംസാരിച്ചു. ഒരു സാങ്കേതിക വിഷയമാണെന്നും ഇരു രാജ്യങ്ങളിലെയും (ഇന്ത്യ-പാകിസ്ഥാന്‍) ഇന്‍ഡസ് കമ്മിഷണര്‍മാര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നടന്നത് 1962 ല്‍, പറയുന്നതോ ഇന്നലെ സംഭവിച്ച പ്രതീതിയില്‍: ചൈനയുടെ സൈനിക നിലപാടുമായി ബന്ധപ്പെട്ട് ചില രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഇന്ത്യയുടെമേല്‍ ആത്‌മവിശ്വാസം ഇല്ലെന്ന പരാമര്‍ശത്തില്‍, പ്രതിപക്ഷത്ത് അത്തരം ചില ചിന്താഗതിക്കാര്‍ ഉണ്ടെന്നായിരുന്നു ജയശങ്കറിന്‍റെ പ്രതികരണം. ഇത്തരക്കാര്‍ ചിലപ്പോഴൊക്കെ ചൈനയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ മനപ്പൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
'എന്തുകൊണ്ടാണ് അവര്‍ക്ക് ഇന്ത്യയുടെമേല്‍ ആത്‌മവിശ്വാസം ഇല്ലാത്തത്? എന്തിനാണ് അവര്‍ ചൈനയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഞാന്‍ എങ്ങനെ ഉത്തരം നല്‍കും? കാരണം അവരും രാഷ്‌ട്രീയമാണ് ചെയ്യുന്നത്. ചിലപ്പോഴൊക്കെ തെറ്റായ വിവരമാണെന്ന് അറിഞ്ഞിട്ടും അവര്‍ അത് പ്രചരിപ്പിക്കുകയാണ്', ജയശങ്കര്‍ പറഞ്ഞു.
'ഇടയ്‌ക്ക് അവര്‍ 1962 ഇന്ത്യ പിടിച്ചെടുത്ത ഭൂമിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ അവര്‍ നിങ്ങളോട് സത്യം പറയില്ല. ഇത് ഇന്നലെ സംഭവിച്ചതാണെന്ന പ്രതീതിയിലാണ് കാര്യങ്ങള്‍ നിങ്ങളോട് പറയുന്നത്', പേരെടുത്തു പറയാതെയാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധമൊന്നും കൂടാതെ ഇന്ത്യയുടെ 100 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയ്‌ക്ക് വിട്ടുകൊടുത്തു എന്നും സര്‍ക്കാര്‍ ഇതെങ്ങനെ തിരിച്ചു പിടിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രസ്‌താവന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവിന്‍റെ ഈ പ്രസ്‌താവനക്കെതിരെയാണ് വിദേശകാര്യ മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
പാകിസ്ഥാന്‍ വിഷയത്തില്‍ പ്രതികരിക്കാതെ ജയശങ്കര്‍: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ വിവരങ്ങളുടെ ലഭ്യതക്കുറവുണ്ടെന്ന് ചിലര്‍ പറയുന്നുണ്ടെന്നും അതിനാല്‍ താന്‍ സൈനിക നേതൃത്വത്തെയോ ഇന്‍റലിജന്‍സിനെയോ സമീപിക്കുമെന്നും എന്നാ ചൈനീസ് അംബാസഡറെ വിളിച്ച് വിഷയം അന്വേഷിക്കില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് 2017ല്‍ ഇന്ത്യയും ചൈനയും തര്‍ക്കത്തിലായപ്പോള്‍ രാഹുല്‍ ഗാന്ധി രണ്ട് അയല്‍ രാജ്യങ്ങളുടെയും അംബാസഡറുമാരുമായി കൂടിക്കാഴ്‌ച നടത്തി എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ഇന്ത്യയുടെ ആഗോള ശക്തിയായ ഒരേയൊരു അയല്‍രാജ്യമാണ് ചൈനയെന്നും വരും വര്‍ഷങ്ങളില്‍ ഒരു മഹാശക്തിയായി ചൈന മാറിയേക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പാകിസ്ഥാനിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ഇന്ത്യയുടെ നിരീക്ഷണത്തെ കുറിച്ച് സദസില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ മറ്റു പാകിസ്ഥാന്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ജയശങ്കറിന്‍റെ മറുപടി.
ഇന്ത്യ-പാക് ബന്ധവും സിന്ധു നദീജല ഉടമ്പടിയും: 'സിന്ധു നദീജല ഉടമ്പടി തികച്ചും സാങ്കേതികമായ വിഷയമാണ്. ഇത് സംബന്ധിച്ച് ഇന്ത്യയിലും പാകിസ്ഥാനിലും കമ്മിഷണര്‍മാരുണ്ട്. അവര്‍ പരസ്‌പരം ചര്‍ച്ച നടത്തും. അതിനു ശേഷം അടുത്ത ഘട്ടം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം', സിന്ധു നദീജല ഉടമ്പടിയെ സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച നടപടിയുടെ അനന്തരഫലങ്ങള്‍ എന്തായിരിക്കും എന്ന ചോദ്യത്തിന് ജയശങ്കര്‍ മറുപടി പറഞ്ഞു. ഉടമ്പടിയിലെ തർക്കപരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് ഉടമ്പടിയുടെ പുനരവലോകനവും പരിഷ്‌കരണവും ആവശ്യപ്പെട്ട് പാകിസ്ഥാന് ആദ്യമായി ഇന്ത്യ നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് 'പാണ്ഡവര്‍ക്ക് അവരുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാന്‍ സാധിക്കാത്തതുപോലെ ഇന്ത്യയ്‌ക്ക് അതിന്‍റെ അയല്‍ രാജ്യങ്ങളെയും തെരഞ്ഞെടുക്കാന്‍ കഴിയില്ല', എന്നായിരുന്നു എസ് ജയശങ്കറിന്‍റെ പ്രതികരണം. ആശങ്ക നേരിടുന്ന വികസ്വര രാജ്യങ്ങള്‍ക്കായി ഇന്ത്യ നിലകൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദി ഇന്ത്യ വേ എന്ന പുസ്‌തകം: രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ വിദേശ നയം കൂടുതല്‍ പരിചയപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്ന് ജയശങ്കര്‍ പറഞ്ഞു. 'ലളിതമായ ഭാഷയില്‍ എഴുതിയതിനാല്‍ സാധാരണക്കാരനു പോലും മനസിലാക്കാന്‍ എളുപ്പമാണ്. ചൈനയെ എങ്ങനെ നേരിടാം എന്നത് എന്‍റെ പുസ്‌തകത്തിലെ ഒരു അധ്യായമാണ്. ജപ്പാൻ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്നതിനെക്കുറിച്ചും ഞാൻ എഴുതിയിട്ടുണ്ട്', ജയശങ്കര്‍ വ്യക്തമാക്കി.