ധാക്ക: ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിലെ ഏഴ് നില കെട്ടിട്ടത്തലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്‌ത്രീകളടക്കമുണ്ടെന്നാണ് വിവരം.
ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 4.50ഓടെയായിരുന്നു ഓള്‍ഡ് ധാക്കയിലെ ഗുലിസ്ഥാന്‍ പ്രദേശത്ത് തീപിടിത്തമുണ്ടായത്. 11 അഗ്നിശമന യൂണിറ്റുകളും 200 അഗ്നിശമനസേനാംഗങ്ങളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മരണസംഖ്യ ഉയര്‍ന്നേക്കാം: '16 മൃതശരീരങ്ങളാണ് ഇതു വരെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ഘട്ടത്തില്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന്' അഗ്നിശമനസേനാംഗം പറഞ്ഞു. അപകടത്തില്‍ കാരണം ഇതുവരെയും വ്യക്തമല്ല. എന്നാല്‍, അനധികൃമായി രാസവസ്‌തുക്കള്‍ കെട്ടിടത്തില്‍ സൂക്ഷിച്ചതാവാം സ്‌ഫോടനത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
'ഞാന്‍ ആദ്യം ഭൂചലനമുണ്ടായി എന്നാണ് വിചാരിച്ചത്. സ്‌ഫോടനത്തില്‍ സിദ്ദിഖ് ബസാര്‍ പ്രദേശം മുഴുവന്‍ കുലുങ്ങിയെന്ന്' പ്രദേശത്തെ കട ഉടമയും ദൃക്‌സാക്ഷിയുമായ സഫായത്ത് ഹുസൈന്‍ പറഞ്ഞു. 'ബഹുനില കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിച്ചത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍ 20-25 ആളുകള്‍ വരെ കിടക്കുന്നത് ഞാന്‍ കണ്ടുവെന്ന്' അദ്ദേഹം പറഞ്ഞു.
ആളുകള്‍ രക്ഷിക്കണേ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു: 'അവര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടായിരുന്നു. രക്ഷിക്കണേ എന്ന് അവര്‍ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ചിലര്‍ ആകുലരായി പ്രദേശത്ത് കൂടി ഓടുകയായിരുന്നുവെന്നും പരിക്കേറ്റവരെ വാനിലും ഓട്ടോറിക്ഷയിലുമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും'- സഫായത്ത് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു വലിയ ശബ്‌ദമുണ്ടായപ്പോള്‍ ആളുകള്‍ വളരെ പെട്ടന്ന് തന്നെ കെട്ടിടത്തില്‍ നിന്നും പുറത്ത് കടക്കുവാന്‍ ആരംഭിച്ചിരുന്നു. എല്ലാവരും ആകുലരായി കാണപ്പെട്ടു. കെട്ടിടത്തിന്‍റെ ജനലില്‍ ഘടിപ്പിച്ചിരുന്ന ഗ്ലാസുകള്‍ ഇളകി തെരുവിലേയ്ക്ക് വീഴുകയായിരുന്നു'.
'കുറെ കാല്‍നടയാത്രക്കാര്‍ക്ക് ഇതുമൂലം പരിക്കേറ്റിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ബറ്റാലിയന്‍റെ ബോംബ് ഡിസ്പോസൽ യൂണിറ്റ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി'-പ്രദേശവാസി പറഞ്ഞു.
'പരിക്കേറ്റ നിരവധി പേരെ ധാക്കാ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ സാനിറ്ററി ഉൽപ്പന്നങ്ങൾക്കായി നിരവധി സ്‌റ്റോറുകൾ ഉണ്ട്. അതിനോട് ചേർന്നുള്ള കെട്ടിടത്തില്‍ ഒരു ബാങ്കിന്‍റെ ഒരു ശാഖ സ്ഥിതി ചെയ്യുന്നുണ്ടെന്ന്' പൊലീസ് അറിയിച്ചു.
സ്‌ഫോടനം ധാക്കയില്‍ നിത്യസംഭവമാകുന്നു: സ്‌ഫോടനത്തില്‍ ബാങ്കിന്‍റെ ഗ്ലാസ് ഭിത്തികള്‍ തകര്‍ന്നുവീഴ്‌ന്നതോടെ എതിര്‍വശത്തെ സ്‌റ്റാന്‍റില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ബസുകള്‍ക്കും നാശനഷ്‌ടങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ഇതൊരു കേസല്ലെങ്കില്‍ കൂടി സംഭവത്തില്‍ കാര്യമായ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയില്‍ സ്‌ഫോടനുമുണ്ടായതിനെ തുടര്‍ന്ന് ഒന്നാം നിലയ്‌ക്കും രണ്ടാം നിലയ്‌ക്കുമാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നതെന്ന് അഗ്നിശമന സേനാംഗങ്ങള്‍ വ്യക്തമാക്കി.
ധാക്കയിലെ സയന്‍സ് ലബോറട്ടറിയില്‍ സ്‌ഫോടനമുണ്ടായി രണ്ട് ദിവസത്തിന് ശേഷമാണ് മറ്റൊരു സ്‌ഫോടനം കൂടി ഉണ്ടായിരിക്കുന്നത്. സയന്‍സ് ലബോറട്ടിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച ചട്ടോഗ്രമിലെ സ്വകാര്യ ഓക്‌സിജന്‍ പ്ലാന്‍റലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.