ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാലാവധി കഴിഞ്ഞ കൊവിഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞ വാക്സിനുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ അപൂര്‍ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. കൊവാക്സിന്‍റെ ഷെല്‍ഫ് ലൈഫ് നീട്ടണമെന്ന ഭാരത് ബയോടെക്കിന്‍റെ ആവശ്യം സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 25 ന് അംഗീകരിച്ചിരുന്നു. കൊവാക്സിന്‍റെ ഷെല്‍ഫ് ലൈഫ് ഒമ്പത് മാസത്തില്‍ നിന്ന് 12 മാസമായാണ് വര്‍ധിപ്പിച്ചത്.
ALSO RAD:കൊവിഡ് വൈറസിന്‍റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണ്‍ ; എത്രയെണ്ണം ഉണ്ടാകാം ?
കൊവിഷീല്‍ഡിന്‍റെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കണമെന്നാവശ്യത്തിനും സി.ഡി.എസ്.സി.ഒ അംഗീകാരം നല്‍കിയിരുന്നു. കൊവിഷീല്‍ഡിന്‍റെ ഷെല്‍ഫ് ലൈഫ് ആറുമാസത്തില്‍ നിന്ന് ഒമ്പത് മാസമായി വര്‍ധിപ്പിക്കാനുള്ള അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം ഫെബ്രവരി 22നാണ്.
വാക്സീന്‍ നിര്‍മാതക്കള്‍ നല്‍കിയ വിവരങ്ങള്‍ സമഗ്രമായ പഠനത്തിന് വിധേയമാക്കിയതിന് ശേഷമാണ് വാക്‌സിനുകളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.