ജോഷിമഠ്: വിചിത്രമായ ഭൗമപ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞ് താഴ്‌ന്ന ഉത്താരാഖണ്ഡിലെ ജോഷിമഠില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് മാറ്റിപാര്‍പ്പിക്കാന്‍ ഭരണകൂടത്തിന് വിദഗ്‌ധരുടെ നിര്‍ദേശം. ഹിമാലയത്തിലെ വ്യാപകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ദുരന്തങ്ങളുണ്ടാകാമെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയതിന്‍റെ പശ്ചാതലത്തിലാണിത്. ജോഷിമഠിലെ നിലവിലെ സാഹചര്യം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും പ്രകൃതിയെ ഇനിയും ചൂഷണം ചെയ്‌താല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കി.
വികസനപദ്ധതികള്‍ തിരിച്ചടിയാകുന്നു: മനുഷ്യന്‍റെ ആവശ്യത്തിനായി നിര്‍മിക്കുന്ന പദ്ധതികള്‍ മനുഷ്യന് തന്നെ തിരിച്ചടിയാകുമെന്ന് റിഷികേശ്-കരണ്‍പ്രയാഗ് റെയില്‍ റോഡ് മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതികള്‍ കണക്കിലെടുത്ത് വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികള്‍ നടപ്പായാല്‍ ഭാവിയില്‍ കൂടുതല്‍ മലകളെ ഖനനം ചെയ്യേണ്ടതായി വരുകയും അതുവഴി മണ്ണിടിച്ചിലിന് കാരണമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം തുരങ്കങ്ങളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ് ആകുമെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല, കുന്നുകള്‍ ഖനനം ചെയ്യുന്നത് പ്രദേശവാസികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. റിഷികേശ്-കരണ്‍പ്രയാഗ് റെയില്‍ പാതയില്‍ ഏകദേശം 12 സ്‌റ്റേഷനുകളാണ് നിര്‍മിക്കുന്നത്. മലനിരകളിലൂടെ കടന്നുപോകുന്നത് 17 തുരങ്കങ്ങളാണ്.
ഏകദേശം 14 കിലോമീറ്റര്‍ നീളം വരുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കവും ഉത്തരാഖണ്ഡില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ദേവപ്രയാഗ് മുതല്‍ ജനസു വരെയുള്ള ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും. 126 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിഷികേശ് കരണ്‍പ്രയാഗ് റെയില്‍ പാതയുടെ നിര്‍മാണം അതിവേഗത്തില്‍ തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
'അങ്ങേയറ്റം മാരകമായ' പദ്ധതികള്‍: തുരങ്ക നിര്‍മാണത്തിന്‍റെ ആകെ 50 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍, പദ്ധതിയുടെ എല്ലാ ശാസ്‌ത്രീയ വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് നിര്‍മാണം നടക്കുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെഹ്‌രി ഡാം പ്രസ്ഥാനത്തിന്‍റെ മുഖ്യ സംഘാടകനും സുന്ദര്‍ലാല്‍ ബഹുഗുണയുടെ മകനുമായ നാരായണ്‍ ബഹുഗുണ ഈ പദ്ധതിയെ 'അങ്ങേയറ്റം മാരകമെന്ന്' വിശേഷിപ്പിച്ചു.
'ഉത്തരാഖണ്ഡില്‍ നടക്കുന്ന പദ്ധതിയ്‌ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ഒട്ടേറെ ആപത്തുകളുണ്ട്. ഈ അപകടങ്ങളൊന്നും ഇപ്പോള്‍ ദൃശ്യമാകുകയില്ല. പക്ഷേ, ഇതിന്‍റെ അനന്തരഫലങ്ങള്‍ ഭാവിയിലാണ് പ്രകടമാകുക' എന്ന് അദ്ദേഹം സൂചന നല്‍കി.
ഏറ്റവുമൊടുവില്‍ ഒന്നുമില്ലാതെയായി മാറും: ഉത്തരാഖണ്ഡിലെ മലനിരകളില്‍ നടക്കുന്ന വികസന പദ്ധതികള്‍ മനുഷ്യജീവന് തിരിച്ചടിയാകരുതെന്ന് ഭൂശാസ്‌ത്രജ്ഞനായ ബിഡി ജോഷി അഭിപ്രായപ്പെട്ടു. 'എല്ലാം നിര്‍മിച്ച് കഴിഞ്ഞതിന് ശേഷം ഏറ്റവുമൊടുവില്‍ ഒന്നുമില്ലാതെയായി മാറുന്ന അവസ്ഥയെക്കുറിച്ച് നാം ബോധവാന്‍മാരാവണം. പര്‍വതങ്ങള്‍ക്കും മലനിരകള്‍ക്കും അനുകൂലമായ പദ്ധതികള്‍ ഉത്തരാഖണ്ഡില്‍ നിര്‍മിക്കാമെന്നും' അദ്ദേഹം പറഞ്ഞു.
ഖനനം കുറയ്‌ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 18 വര്‍ഷമായി ചാമോലി ബച്ചോ സമിതി പോരാടുകയാണ്. ജോഷിമഠില്‍ വീടിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെടുന്നത് ഇതാദ്യമായല്ലെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിള്ളലുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.