ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജി ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്നും ആദ്യം ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ഡൽഹിയിൽ നടന്ന സംഭവമായതിനാൽ സിസോദിയക്ക് നേരിട്ട് സുപ്രീം കോടതിയിൽ ഹർജി നൽകാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. രാവിലെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അഭിഷേക് സിങ്‌വി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയിലേക്കെത്തിയതെന്ന ചോദ്യം സിങ്‌വിയോട് കോടതി ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി 2021ല്‍ വിനോദ് ദുവെ കേസില്‍ സമാനമായ രീതിയില്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചിട്ടുണ്ടെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ സിസോദിയയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. പിന്നാലെ കേസ് പരിഗണിക്കവെ വിനോദ് ദുവയുടെ കേസും സിസോദിയയുടെ കേസും തമ്മിൽ വ്യത്യാസമുണ്ടെന്നും, ഇത് അഴിമതിക്കേസാണെന്നും അതിനാൽ ആദ്യം ഹൈക്കോടതിയില്‍ പോകാനും സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. പിന്നാലെ അഭിഷേക് സിങ്‌വി ഹർജി പിൻവലിച്ചു.
ALSO READ: സിബിഐ അറസ്റ്റിനെതിരെ സിസോദിയ സുപ്രീം കോടതിയില്‍; ഹര്‍ജി ഇന്ന് പരിഗണിക്കും
ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട് എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഞായറാഴ്‌ചയായിരുന്നു സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തത്. പിന്നാലെ തിങ്കളാഴ്‌ച കേസ് പരിഗണിച്ച ഡൽഹി റോസ് അവന്യു കോടതി വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കണം എന്ന സിബിഐയുടെ ആവശ്യം പരിഗണിച്ച് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ALSO READ: മദ്യനയ അഴിമതി കേസ് : മനീഷ് സിസോദിയ മാര്‍ച്ച് നാല് വരെ സിബിഐ കസ്റ്റഡിയില്‍