മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ അനിൽ ദേശ്‌മുഖിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ദേശ്‌മുഖിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ശേഷം ഏജൻസി ദേശ്‌മുഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ദേശ്‌മുഖ് ക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇഡി ഓഫിസില്‍ എത്തിയിരുന്നു. ഇവിടെ വച്ചാണ് അറസ്റ്റ് രേഖപ്പെട്ടുത്തിയത്. ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിച്ചിരുന്നില്ല.
രാവിലെ 11.40ഓടെ എത്തിയ അദ്ദേഹത്തെ രാത്രി ഒരു മണിയോടെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തനിക്കെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്‌മുഖ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. അഞ്ചോളം നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
Also Read: പട്‌ന ഗാന്ധി മൈദാൻ സ്‌ഫോടനക്കേസ് : നാല് പേർക്ക് വധശിക്ഷ,രണ്ട് പേർക്ക് ജീവപര്യന്തം
മുന്‍ മുംബൈ പൊലീസ് കമ്മീഷ്ണര്‍ പരം ബീര്‍ സിങിനെ 100 കോടി കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദേശ്മുഖിനും കൂട്ടാളികള്‍ക്കും എതിരായ കേസ് പുറത്തുവരുന്നത്. കൊള്ളപ്പലിശ സംഘത്തില്‍ നിന്നും 100 കോടി രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ ഏപ്രിലില്‍ ദേശ്‌മുഖിന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. കേസിലെ പ്രധന പ്രതി ദേശ്മുഖാണെന്ന് നേരത്തെ കേസുമായി ബന്ധപ്പെട്ട നടത്തിയ ചോദ്യം ചെയ്യലില്‍ മുബൈയില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം കേസില്‍ നിന്നും തന്നെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം താന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്നും ഇഡി തന്നെ കുടുക്കാനായുള്ള ശ്രമമാണ് നടത്തുന്നതെന്നും പറയുന്ന ഒരു വീഡിയോ അദ്ദേഹം പുറത്ത് വിട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് തൊട്ട് മുന്നെയായിരുന്നു ഇത്.