മുംബൈ : വിവാദങ്ങൾക്ക് പിന്നാലെ പ്രസ്‌താവന പിൻവലിച്ച് കോൺഗ്രസ് നേതാവ് നാനാ പട്ടോലെ. ശിവസേന, കോൺഗ്രസ്, എൻസിപി സംഖ്യം ഒറ്റക്കെട്ടാണ്. കോൺഗ്രസ് എല്ലായ്‌പ്പോഴും സ്വന്തമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാറുണ്ട്.
ഇത് പുതിയ കാര്യമല്ല. നേരത്തെ നടത്തിയ പരാമർശങ്ങളിൽ നിന്ന് പിന്മാറുന്നു. അനാവശ്യമായി വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും നാനാ പട്ടോലെ പ്രതികരിച്ചു.
മുന്നണി സ്ഥാപിക്കാൻ പദ്ധതിയില്ല
എല്ലാ പാർട്ടികൾക്കും സ്വയം ശക്തിപ്പെടുത്താനുള്ള എല്ലാ അവകാശവുമുണ്ട്. താൻ ഒരിക്കലും മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. മുന്നണി സ്ഥാപിക്കാനുള്ള പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രസ്‌താവന വിവാദമായതോടെ ഉദ്ധവ് താക്കറെ പരസ്യമായി വിയോജിപ്പ് അറിയിക്കുകയും തൊട്ടുപിന്നാലെ യോഗം വിളിച്ച് ചേർക്കുകയും ചെയ്‌തിരുന്നു.
ശിവസേന ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്ന പ്രസ്‌താവനയാണ് വിവാദമായത്.
എന്നാൽ സഖ്യം പിളരുകയാണെന്ന വാർത്ത കോൺഗ്രസ് നേരത്തെ നിഷേധിച്ചിരുന്നു. ഉദ്ധവ് സർക്കാരിന് അഞ്ചുവർഷം പൂർത്തിയാക്കുന്നതുവരെ തങ്ങൾ പിന്തുണ നൽകുമെന്ന് ഞായറാഴ്‌ച നാനാ പട്ടോലെ തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.