ഹൈദരാബാദ്: രാജ്യത്തെ കൊച്ചുകൂട്ടുകാര്‍ക്കായി ഇ.ടി.വി നെറ്റ്‌വര്‍ക്കിന്‍റെ പുതിയ സംരംഭത്തിന് തുടക്കമായി. ഇടിവി ബാലഭാരത് എന്ന പേരില്‍ മലയാളത്തിന് പുറമെ ഇന്ത്യയിലെ 10 പ്രാദേശിക ഭാഷകളില്‍ എക്സ്ക്ലൂസീവ് ചില്‍ഡ്രൻസ് ചാനലുകള്‍ സംപ്രേഷണം ആരംഭിച്ചു. മലയാളത്തിലെ പ്രമുഖ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇടിവി ബാലഭാരതിന്‍റെ മലയാളം ചാനല്‍ കാണാനാവും.
ചാനലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു നിർവഹിച്ചു. ഹൈദരാബാദ് ഫിലിം സിറ്റിയിലെ ഇടിവി നെറ്റ്‌വർക്ക് ആസ്ഥാനത്ത് നടന്ന ലളിതവും പ്രൗഡ ഗംഭീരവുമായ ചടങ്ങിലായിരുന്നു പുതിയ സംരംഭത്തിന്‍റെ ഉദ്ഘാടനം. മലയാളത്തെ കൂടാതെ ഇന്ത്യയിലെ 10 പ്രാദേശിക ഭാഷകളിലും ഇടിവി ബാലഭാരത് സംപ്രേഷണം ചെയ്യും. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ഇടിവി ബാലഭാരത് കുട്ടികള്‍ക്ക് മുന്നിലെത്തുക.
തെന്നിന്ത്യൻ മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇടിവി നെറ്റ്‌വര്‍ക്ക് അതിന്‍റെ സഞ്ചാര പാതയില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് രാജ്യത്തെ കുട്ടികള്‍ക്കായി പുതിയ സംരംഭം കൂടി ഒരുക്കിയത്. ആരോഗ്യകരമായ വിനോദം ഉറപ്പുനൽകിക്കൊണ്ട് ഇ.ടി.വി 1995 ഓഗസ്റ്റ് 27നാണ് പ്രയാണം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ മാധ്യമ രംഗത്തെ ധാര്‍മികത ഉയര്‍ത്തി പിടിച്ച്, ഒരു ദൃശ്യമാധ്യമം എങ്ങനെയായിരിക്കണം എന്ന് ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലുമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ സാക്ഷ്യം വഹിക്കാൻ ഇ.ടി.വിക്ക് കഴിഞ്ഞിട്ടുണ്ട്.
ആ ധാര്‍മിക നിലവാരം കുട്ടികളുടെ ചാനലിലും പുലര്‍ത്തുമെന്ന് ഉദ്ഘാടന വേളയില്‍ ഇടിവി ഗ്രൂപ്പ് ഉറപ്പ് നല്‍കുന്നു. വിനോദവും വിജ്ഞാനവും പകരുന്ന നിരവധി പരിപാടികള്‍ ഇടിവി ബാലഭാരതില്‍ കാണാം. ആക്ഷൻ രംഗങ്ങളും സാഹസികതയും നർമവും കലർന്ന നിരവധി കഥകളും കഥാപാത്രങ്ങളും ആനിമേഷൻ രൂപത്തിൽ ഇന്ന് മുതൽ സ്വീകരണ മുറികളിലേക്ക്.