ഗുവാഹത്തി : അസാധാരണമായ കൂട്ടുകെട്ടില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പിന്മാറ്റം അനിവാര്യമെന്ന് വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. പാര്‍ട്ടിയുടെ നിലനില്‍പ്പിനായാണ് തീരുമാനം. സഖ്യത്തിലൂടെ ഗുണം ലഭിച്ചത് എന്‍സിപിക്കും കോണ്‍ഗ്രസിനുമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ താഴെയിറങ്ങാന്‍ തയ്യാറാണ്, അതിന് മുന്‍പ് വിമത എംഎല്‍എമാര്‍ മുന്നോട്ടുവന്ന് തന്നെ അവര്‍ വിശ്വസിക്കുന്നില്ലെന്ന് പറയണമെന്ന് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ അവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്‍ഡെയുടെ മറുപടി.
മഹാവികാസ് അഘാഡിയുടെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിനിടെ യാതൊരു നേട്ടവും ഉണ്ടാക്കാന്‍ ശിവസേനയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ നേട്ടമുണ്ടായത് സഖ്യ കക്ഷികള്‍ക്കാണ്. അതിനാല്‍ തന്നെ മഹാരാഷ്ട്രയുടെ ആവശ്യമാണ് താന്‍ നടപ്പിലാക്കിയത് - ഷിന്‍ഡെ ട്വീറ്റ് ചെയ്തു.
Also Read: മഹാസഖ്യം വീഴുന്നു, രാജിക്കത്ത് തയ്യാറെന്ന് ഉദ്ധവ് താക്കറെ
എന്നാല്‍ വിമതരിലെ ഒരു എംഎല്‍എയെങ്കിലും തന്‍റെ മുഖത്ത് നോക്കി തന്നില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവും രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് താക്കറെ ആവര്‍ത്തിച്ചു. നിലവില്‍ 46 വിമത എംഎല്‍എമാരും ഏഴ് സ്വതന്ത്ര എം.എല്‍.എമാരും തനിക്കൊപ്പമുണ്ടെന്നും ഇവര്‍ സര്‍ക്കാറിനുള്ള പിന്‍തുണ പിന്‍വലിക്കുമെന്നുമാണ് ഷിന്‍ഡെയുടെ നിലപാട്.
അനിശ്ചിതത്വത്തിനിടെ ഷിന്‍ഡെ അസമിലേക്കും മറ്റ് എം.എല്‍.എമാര്‍ ഗുജറാത്തിലേക്കും കടന്നിട്ടുണ്ട്.