ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യക്തിസൗഹൃദ ടെലിമെഡിസിന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമായ ഇ-സഞ്ജീവനി അറുപത് ലക്ഷം കണ്‍സള്‍ട്ടേഷന്‍ പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍. 375 ഓണ്‍ലൈന്‍ ഒപിയിലൂടെയാണ് ഇ-സഞ്ജീവനി ഈ നാഴികക്കല്ല് പിന്നിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 40,000 ലധികം രോഗികള്‍ ദിനംപ്രതി വീഡിയോ കോണ്‍ഫറന്‍സ് വഴി 1,600 ഓളം ഡോക്‌ടര്‍മാരുടെ സേവനം തേടിയെന്ന് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. നിലവില്‍ 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ടെലിമെഡിസിന്‍ സേവനം ലഭിയ്ക്കുന്നത്.
എന്താണ് ഇ-സഞ്ജീവനി?
വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി ഡോക്‌ടര്‍മാര്‍ക്ക് വ്യക്തികളെ പരിശോധിയ്ക്കാനുള്ള നൂതനമായ ചികിത്സ മാര്‍ഗമാണ് ഇ-സഞ്ജീവനി. 2019 നവംബറില്‍ ആയുഷ്‌മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 1,55,000 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ-സഞ്ജീവനി ആരംഭിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സഞ്ജീവനി ആരംഭിയ്ക്കുന്നത്. മൊഹാലിയിലെ സെന്‍റര്‍ ഫോര്‍ ഡെവലപ്പ്മെന്‍റ് ഓഫ് അഡ്‌വാന്‍സ്‌ഡ് കംപ്യൂട്ടിങുമായി ചേര്‍ന്നാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.
Also read: ഇ-സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും; ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പികള്‍
ജനങ്ങള്‍ ഇ-സഞ്ജീവനിയുടെ ഗുണഫലങ്ങള്‍ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെന്നും ഗ്രാമീണ മേഖലയിലുള്‍പ്പെടെ ആരോഗ്യ രംഗത്ത് അഭിവൃദ്ധി ഉണ്ടാക്കാന്‍ ഇ-സഞ്ജീവനി സഹായിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തില്‍ നഗര മേഖലയിലും ഇ-സഞ്ജീവനി പ്രയോജനപ്പെട്ടിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.
സേവനം ലഭിയ്ക്കുന്ന സംസ്ഥാനങ്ങള്‍
മുപ്പതോളം സംസ്ഥാനങ്ങളിലായി 20,000 ത്തോളം ആരോഗ്യ-ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ-സഞ്ജീവനി നടപ്പാക്കിയിട്ടുള്ളത്. 100 ഓളം മുതിർന്ന ഡോക്‌ടർമാരും സ്പെഷ്യലിസ്റ്റുകളുമായി പ്രതിരോധ മന്ത്രാലയവും ഇ-സഞ്ജീവനി നടപ്പിലാക്കിയിട്ടുണ്ട്. ഇ-സഞ്ജീവനിയുടെ സേവനങ്ങള്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, ഉത്തരാഖണ്ഡ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍.
Also read: ഇ സഞ്ജീവനിയില്‍ ഇനി കൂടുതല്‍ സേവനങ്ങള്‍