ചെന്നൈ (തമിഴ്‌നാട്) : ഈറോഡ് ഈസ്‌റ്റ് ഉപതെരഞ്ഞെടുപ്പിൽ കമൽഹാസന്‍റെ മക്കൾ നീതി മയ്യം (എംഎൻഎം) ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) - കോൺഗ്രസ് സഖ്യ സ്ഥാനാർഥി ഇവികെഎസ് ഇളങ്കോവനെ പിന്തുണയ്ക്കുമെന്ന് കമൽഹാസൻ. 2024ലെ പൊതുതെരഞ്ഞെടുപ്പിലും പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ ഇത് മാത്രമാണ് തീരുമാനമെന്നായിരുന്നു കമൽഹാസന്‍റെ മറുപടി.
സിറ്റിങ് എംഎൽഎയായ ഇ തിരുമകൻ ഇവേരയുടെ അകാല നിര്യാണത്തെ തുടർന്നാണ് ഈറോഡ് ഈസ്‌റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് (22-1-2023) ഇവികെഎസ് ഇളങ്കോവനെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. മകൻ സഞ്ജയ് സമ്പത്തിനെ നിർത്താനുള്ള ഇളങ്കോവന്‍റെ അഭ്യർഥന തള്ളിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
മകന്‍റെ മരണത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ പിതാവ് മത്സരിക്കുകയെന്ന അപൂർവതയ്ക്കാണ് ഇതോടെ വഴിയൊരുങ്ങിയത്. മത്സരിക്കാനില്ലെന്ന് ഇളങ്കോവൻ നേരത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 27-നാണ് വോട്ടെടുപ്പ്. പത്രികാസമർപ്പണം ജനുവരി 31-ന് തുടങ്ങും.
39 വർഷങ്ങൾക്ക് ശേഷമാണ് ഇളങ്കോവൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 1985ൽ സത്യമംഗലം മണ്ഡലത്തിൽ നിന്നാണ് ഇളങ്കോവൻ നിയമസഭയിലേക്ക് എത്തുന്നത്. 2004ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇളങ്കോവൻ കേന്ദ്ര ടെക്‌സ്‌റ്റൈൽ സഹമന്ത്രിയായിരുന്നു. 2014 മുതൽ 2017 വരെ ടിഎൻസിസി പ്രസിഡന്‍റുമായിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തേനി മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം എഐഎഡിഎംകെയുടെ പി രവീന്ദ്രനാഥ് കുമാറിനോട് പരാജയപ്പെട്ടു.