ഈറോഡ് : തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഈറോഡ് ഈസ്റ്റ് മണ്ഡലം നിലനിർത്തി ഡിഎംകെ സഖ്യം (സെക്യുലർ പ്രോഗ്രസീവ് അലയന്‍സ്).66,575 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ഇവികെഎസ് ഇളങ്കോവന്‍ തകര്‍പ്പന്‍ വിജയം നേടിയത്. മുൻ കേന്ദ്ര സഹമന്ത്രിയും തമിഴ്‌നാട് കോൺഗ്രസ് മുൻ അധ്യക്ഷനുമാണ് ഇളങ്കോവൻ. അദ്ദേഹത്തിന് ആകെ 1,10,556 വോട്ടുകള്‍ ലഭിച്ചു. അണ്ണാഡിഎംകെ നേതാവ് കെഎസ് തെന്നരസിന് 43,981 വോട്ടുകളേ നേടാനായുള്ളൂ.
ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പ് വിജയം തമിഴ്‌നാട്ടില്‍ കോൺഗ്രസിനും എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യ സർക്കാരിനും വലിയ കരുത്താകും. എംഎല്‍എയായിരുന്ന തിരുമകൻ ഇവേരയുടെ മരണത്തെ തുടർന്നാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇളങ്കോവന്‍റെ മകനായിരുന്നു തിരുമകൻ.
2016ല്‍ ഇതേ മണ്ഡലത്തില്‍ വിജയിക്കുകയും 2021ല്‍ പരാജയപ്പെടുകയും ചെയ്‌ത അണ്ണാഡിഎംകെ നേതാവ് കെഎസ് തെന്നരസായിരുന്നു ഉപതെരഞ്ഞെടുപ്പിലും എതിർസ്ഥാനാർഥി. അണ്ണാഡിഎംകെയിലെ നേതൃതർക്കങ്ങൾക്ക് ആക്കം കൂട്ടുന്നതാകും ഈറോഡ് മണ്ഡലത്തിലെ തോല്‍വി. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ ഒ പനീർസെല്‍വം പക്ഷത്തിന് ഇത് കരുത്ത് പകരുകയും ചെയ്യും.
സീമാന്‍റെ നാം തമിഴർ പാർട്ടിയും, നടൻ വിജയകാന്തിന്‍റെ ഡിഎംഡികെയും മത്സരരംഗത്തുണ്ടായിരുന്നു. ബിജെപി പിന്തുണയോടെയാണ് അണ്ണാഡിഎംകെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ചത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിർത്തിയ കമല്‍ഹാസന്‍റെ മക്കൾ നീതി മയ്യം ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. കമല്‍ഹാസൻ പരസ്യമായി കോൺഗ്രസ് സ്ഥാനാർഥി ഇവികെഎസ് ഇളങ്കോവന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഡിഎംകെ സഖ്യത്തിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കമല്‍ഹാസനുണ്ടായിരുന്നു.