ചെന്നൈ : പൊലീസിലെ 'ഓര്‍ഡേര്‍ളി ' സംവിധാനം നാല് മാസത്തിനകം നിര്‍ത്തലാക്കാന്‍ തമിഴ്‌നാട് ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മോശം പെരുമാറ്റം സംബന്ധിച്ചുള്ള പരാതികള്‍ ലഭ്യമായാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഓര്‍ഡേര്‍ളി കേസുമായി ബന്ധപ്പെട്ടുളള ഉത്തരവ് പുറപ്പെടുവിച്ച് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം പറഞ്ഞു.
പൊലീസ് ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ 2014ലെ ഉന്നത അധികാരി ഉത്തരവിട്ടത് ചോദ്യം ചെയ്ത് യു.മാണിക്കവേല്‍ നല്‍കിയ റിട്ട് ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. പരിശീലനം ലഭിച്ച പൊലീസുകാരെ നിസാര ജോലികള്‍ ചെയ്യിപ്പിക്കുന്നതിലൂടെ നികുതിദായകരുടെ പണം പാഴാക്കുകയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വസതികളില്‍ പൊലീസുകാരെ വീട്ടുജോലിയടക്കം ചെയ്യിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.
ഔദ്യോഗിക പൊലീസ് ക്വാർട്ടേഴ്‌സുകളിലെ അനധികൃത വാസം കണ്ടെത്തി ഒഴിപ്പിക്കാന്‍ നിലവിലെ നിയമ പ്രകാരം നടപടികള്‍ ആരംഭിക്കണം. വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലേക്ക് പൊലീസ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ നിയമ ലംഘനമാണെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.
സുരക്ഷ ചുമതല, വയര്‍ലസ് ഓപ്പറേറ്റര്‍ തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരില്‍ ആരെയും ഔദ്യോഗിക ജോലികൾക്കല്ലാതെ മറ്റൊന്നിനും നിയമിക്കില്ലെന്ന് അറിയിച്ച് ഡിജിപി ഡോ സി.ശൈലേന്ദ്രബാബു കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തമിഴ്‌നാട്ടിലെ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഇതുസംബന്ധിച്ച് സാക്ഷ്യപത്രം എഴുതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1979ലാണ് ഓര്‍ഡേര്‍ളി രീതി സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നത്.