ചെന്നൈ : ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇപിഎസ് ഒപിഎസ് വിഭാഗങ്ങള്‍. ഫെബ്രുവരി 27ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇപിഎസ് (എടപ്പാടി കെ പളനിസ്വാമി) വിഭാഗം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുന്‍ നിയമസഭാംഗമായ കെ എസ് തെന്നരസുവിനെയാണ്. ഇപിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒപിഎസ് ( ഒ.പനീര്‍സെല്‍വം) വിഭാഗവും സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു.
പുതുമുഖമായ സെന്തില്‍ മുരുകനെയാണ് ഒപിഎസ് ( ഒ.പനീര്‍സെല്‍വം) വിഭാഗം അവതരിപ്പിച്ചത്. പാര്‍ട്ടി ചിഹ്നമായ'രണ്ടില'യ്‌ക്കായുള്ള മത്സരം നിലനില്‍ക്കെ ബിജെപിയുടെ പിന്തുണയ്‌ക്ക് കാത്ത് നില്‍ക്കാതെയാണ് ഇപിഎസ് (എടപ്പാടി കെ പളനിസ്വാമി) വിഭാഗം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 'പുരോഗതിയിലേക്കുള്ള മാറ്റം ഈറോഡ് ഈസ്റ്റില്‍ നിന്ന് ആരംഭിക്കുമെന്ന്' കെ എസ് തെന്നരസുവിനെ അഭിനന്ദിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
പാര്‍ട്ടി ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇപിഎസ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച കോടതി കേസ് പരിഗണിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. അതേസമയം ഇപിഎസ് വിഭാഗത്തിന്‍റെ തീരുമാനം ബിജെപിയ്‌ക്ക് ഇടുട്ടടിയായി.
'എഐഎഡിഎംകെ ഞങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കട്ടെ. അതിൽ തെറ്റൊന്നുമില്ല. ഞങ്ങൾ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചകൾ നടത്തുകയാണ്, ഞങ്ങളുടെ നിലപാട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അറിയിക്കും' - ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് നാരായണന്‍ തിരുപ്പതി കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പിന്തുണ കാത്ത് നില്‍ക്കാതെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം.
സുപ്രീം കോടതിയിലുള്ള, രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോടതി വിധി കാത്തിരിക്കുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ഇത്തവണ മത്സരത്തിനിറങ്ങില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇപിഎസിന് അനുകൂലമായി ബിജെപി ചായുകയാണെന്നാണ് വിശകലന വിദഗ്‌ധരുടെ അഭിപ്രായം. 66 നിയമസഭാംഗങ്ങളില്‍ 62 പേരുടെ പിന്തുണ ഇപിഎസിനുണ്ട്. കൂടാതെ ഇപിഎസിന്‍റെ നാടായ ഈറോഡ് കൊങ്കു മേഖലയിലുള്ളവരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം ഇരു വിഭാഗങ്ങളും എഐഎഡിഎംകെ ചിഹ്നമായ രണ്ടിലയ്‌ക്കായി അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ കോടതി അത് മരവിപ്പിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ചിഹ്നമുള്ള പാര്‍ട്ടിയെ പിന്തുണയ്‌ക്കുമെന്ന് പറഞ്ഞ് ബിജെപി ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയും കണ്ടെത്തിയേക്കും.