അലഹബാദ്: ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെയും ചെറിയ നഗരങ്ങളിലെയും മുഴുവൻ ആരോഗ്യ സംവിധാനവും ദൈവത്തിന്‍റെ കെയിലാണെന്ന് അലഹബാദ് ഹൈക്കോടതി. മീററ്റിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന സന്തോഷ് കുമാര്‍ എന്ന വ്യക്തിയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
ഏപ്രിൽ 22 ന് ആശുപത്രിയിലെ കുളിമുറിയിൽ വച്ച് ബോധരഹിതനാകുകയും പിന്നീട് മരണപ്പെടുകയും ചെയ്‌ത സന്തോഷ് കുമാറിന്‍റെ ഫയല്‍ കണ്ടെത്താന്‍ ആശുപത്രി ജീവനക്കാര്‍ക്കായില്ല. തുടര്‍ന്ന് ജീവനക്കാര്‍ അജ്ഞാത മൃതദേഹമായി കണക്കാക്കി ശരീരം മറവ് ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more: കൊവിഡ് പ്രതിരോധം; പ്രധാനമന്ത്രി - ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന്
മീററ്റ് പോലെയുള്ള ഒരു നഗരത്തിലെ മെഡിക്കൽ കോളേജിലെ സ്ഥിതി ഇതാണെങ്കിൽ ചെറിയ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ആരോഗ്യ സംവിധാനം എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഡോക്‌ടർമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇത്തരം നിസാര സമീപനം സ്വീകരിക്കുന്നത് ഗുരുതരമായ വീഴ്‌ചയാണ്. നിരപരാധികളുടെ ജീവന്‍ വച്ച് കളിക്കുന്നത് പോലെയാണിതെന്നും കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ, അജിത്ത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
കൊവിഡ് വ്യാപനവും സംസ്ഥാനത്തെ ക്വാറന്‍റൈന്‍ സെന്‍ററുകളുടെ അവസ്ഥയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേട്ട കോടതി നഗര മേഖലയിലും ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌തത പ്രകടമാണെന്ന് പറഞ്ഞു. അഞ്ച് ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകൾ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ വിമര്‍ശനം.
നേരത്തെ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ച് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. 20 ലധികം കിടക്കകളുള്ള ഓരോ നഴ്‌സിങ് ഹോമിലും ആശുപത്രികളിലും കുറഞ്ഞത് 40 ശതമാനം കിടക്കകളെങ്കിലും തീവ്രപരിചരണ വിഭാഗങ്ങളായിരിക്കണം. 30 ലധികം കിടക്കകളുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്‍റ് ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തർപ്രദേശിലെ ഓരോ രണ്ടാമത്തെയും മൂന്നാമത്തെയും പട്ടണങ്ങളിൽ കുറഞ്ഞത് 20 ആംബുലൻസുകളും ഓരോ ഗ്രാമത്തിനും തീവ്രപരിചരണ വിഭാഗ സൗകര്യങ്ങളുള്ള രണ്ട് ആംബുലൻസുകളും നല്‍കാനും കോടതി നിർദ്ദേശിച്ചു. അതേ സമയം, ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മെയ് 22 ലേക്ക് കോടതി നീട്ടി.
Also read: സ്ഥലപരിമിതി; മരത്തില്‍ ക്വാറന്‍റൈന്‍ സൗകര്യമൊരുക്കി വിദ്യാര്‍ഥി