ചെന്നൈ: ജഡ്‌ജിമാരുടെ നിയമനത്തിലും സുപ്രീം കോടതി ബെഞ്ച് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുന്നതിലും മദ്രാസ് ഹൈക്കോടതിയിൽ തമിഴ് ഉപയോഗിക്കുന്നതിലും സാമൂഹിക നീതി പരിഗണിക്കണമെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണയോടും മറ്റ് ജഡ്‌ജിമാരോടുമാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്. മദ്രാസ് ഹൈക്കോടതിയില്‍ നടന്ന കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.
രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, തമിഴ്‌നാട്ടിലും ഇത് അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇത് തമിഴ്‌നാട്ടിലെ ജനങ്ങളുടെയും നിയമസമൂഹത്തിന്‍റെയും ദീര്‍ഘനാളായുള്ള ആവശ്യമാണ്. വാണിജ്യ കോടതികൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും, വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രാദേശിക കോടതികൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകായെണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 ബാധിച്ച് മരിച്ച അഭിഭാഷകരുടെ കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 കോടി രൂപ ഉടന്‍ വിതരണം ആരംഭിക്കും. ക്ഷേമനിധിക്ക് കീഴിലെ മരണ ആനുകൂല്യം 3 മുതല്‍ 10 ലക്ഷം രൂപവരെയായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ വാണിജ്യ കോടതി കെട്ടിടവും സ്‌റ്റാലിന്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു.