ന്യൂഡല്‍ഹി : ഇറ്റാലിയന്‍ കടൽക്കൊല കേസില്‍, ബോട്ടിലുണ്ടായിരുന്ന ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ക്കും നഷ്‌ടപരിഹാര തുക നല്‍കണമെന്ന് സുപ്രീം കോടതി. ബോട്ട് ഉടമയ്‌ക്കും ക്യാപ്‌റ്റനും നല്‍കുന്ന രണ്ട് കോടിയില്‍ നിന്നും അഞ്ച് ലക്ഷം വീതം നല്‍കാനാണ് സുപ്രീം കോടതി ഉത്തരവ്. തുക കൃത്യമായി നൽകാൻ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിർദേശം നല്‍കി.
കോടതിയെ സമീപിച്ചത് ഏഴുപേര്‍ : സംഭവം നടക്കുമ്പോള്‍ ബോട്ടില്‍ ആകെ 12 പേര്‍ ആണുണ്ടായിരുന്നത്. അതില്‍ രണ്ടുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടിയും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയുമാണ് നഷ്‌ടപരിഹാരമായി നൽകിയിരുന്നത്. ബോട്ടുടമയ്ക്ക് നൽകിയ നഷ്‌ടപരിഹാര തുകയിൽ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യത്തൊഴിലാളികൾ സമീപിച്ചതോടെയാണ് കോടതിയുടെ സുപ്രധാനമായ ഈ ഉത്തരവ്.
സംഭവം നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്ന കൗമാരക്കാരന്‍ പിന്നീട് ആത്മഹത്യ ചെയ്യുകയും മറ്റൊരു മത്സ്യത്തൊഴിലാളി മരിക്കുകയുമുണ്ടായി. ഇക്കാരണത്താല്‍, ഇവര്‍ക്കുള്ള വിഹിതം കുടുംബത്തിന് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഈ നഷ്‌ടപരിഹാരം കൊടുത്ത ശേഷമുള്ള ഒരു കോടി 55 ലക്ഷം ബോട്ടിന്‍റെ ക്യാപ്റ്റനും ഉടമയ്ക്കും നൽകണം. കൃത്യമായ തിരിച്ചറിയല്‍ പരിശോധന നടത്തിയ ശേഷമാണ് തുക വിതരണം ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.
കേസ് അവസാനിപ്പിച്ചത് ഒന്‍പത് വര്‍ഷത്തിന് ശേഷം: 2012ലാണ് കേസിനാസ്‌പദമായ സംഭവം. കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യത്തൊഴിലാളികളാണ് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. സെയ്ന്‍റ് ആന്‍റണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവര്‍ക്കാണ് അന്ത്യം സംഭവിച്ചത്. എന്‍ റിക്ക ലെക്‌സി (Enrica Lexie) എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പില്ലാതെ വെടിവച്ചത്. മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികൾ.
ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് രണ്ട് നാവികര്‍ക്ക് ജന്മനാട്ടിലേക്ക് പോകാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഒന്‍പത് വർഷത്തെ നിയമ നടപടികൾക്കൊടുവിലാണ് കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.