ന്യൂഡല്‍ഹി: കോക്‌പിറ്റിലും കാബിനിലും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്‌ത സംഭവത്തില്‍ കണ്ടെത്തലുമായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). അന്വേഷണത്തില്‍ ബ്ലീഡ് ഓഫ് വാൽവിൽ എഞ്ചിൻ ഓയിൽ കണ്ടെത്തിയെന്നും ഇത് എയർക്രാഫ്റ്റ് എയർ കണ്ടീഷനിങ് സിസ്റ്റത്തിലേക്ക് എണ്ണ കടന്നതിന് തെളിവാണെന്നും ഡിജിസിഎ വ്യക്തമാക്കി. എഞ്ചിന്‍ ഓയില്‍ ചോര്‍ന്നതാണ് പുക ഉയരാന്‍ കാരണമായത് എന്നാണ് ഡിജിസിഎ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
കൂടുതല്‍ പരിശോധന നടത്തി പുക ഉയരാനുണ്ടായ കാരണം കണ്ടുപിടിക്കണം എന്ന് ഏവിയേഷൻ റെഗുലേറ്റർ ഉത്തരവിട്ടു. ഒക്‌ടോബര്‍ 12നായിരുന്നു സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം എസ്‌ജി 3735 ലാണ് പുക ഉയര്‍ന്നത്.
സംഭവത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നു. വിമാനത്തില്‍ 86 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എമര്‍ജന്‍സി എക്‌സിറ്റിലൂടെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെങ്കിലും ഒരു യാത്രക്കാരന് നിസാരമായി പരിക്കേറ്റിരുന്നു.
ലാന്‍ഡിങ്ങിന് മിനിറ്റുകള്‍ക്ക് മുമ്പാണ് വിമാനത്തില്‍ പുക ഉയര്‍ന്നത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡ് ചെയ്‌തത്. സംഭവത്തെ തുടര്‍ന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഒമ്പത് വിമാനങ്ങളാണ് വഴി തിരിച്ച് വിട്ടത്.
ക്യു-400 വിഭാഗത്തിലെ 14 വിമാനങ്ങളുടെ 28 എഞ്ചിനുകളും ഒരാഴ്‌ചയ്‌ക്കുള്ളിൽ സ്‌പൈസ്‌ജെറ്റ് പരിശോധിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.