കാസർകോട്: എൻഡോസൾഫാൻ ദുരിത മേഖലയിൽ മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി പ്രതിഷേധം. മരിച്ച ഹർഷിതയുടെ മൃതദേഹം എയിംസ് നിരാഹാര സമര വേദിയിൽ എത്തിച്ചാണ് സമര സമിതി പ്രതിഷേധിച്ചത്. ഹർഷിതയുടെ അച്ഛൻ മോഹനനും അമ്മ ഉഷയും സമര പന്തലിൽ എത്തി.
സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് സമര സമിതി ആരോപിച്ചു. ഒരുമണിക്കൂറോളം മൃതദേഹം സമര പന്തലിൽ വെച്ചു. സാമൂഹിക പ്രവർത്തക ദയാബായ് അടക്കം നിരവധിപേർ സമരപന്തലിൽ എത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ക്യാമ്പ് പോലും നടത്തിയിട്ടില്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഇത് മൂലം ഇന്നലെ മരിച്ച ഹർഷിതയ്ക്ക് എൻഡോസൾഫാൻ ബാധിതയാണെന്ന സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. ഇതേ തുടർന്ന് കുഞ്ഞിന് വിദഗ്‌ദ ചികിത്സ നൽകുന്നതിലടക്കം വലിയ വീഴ്‌ച സംഭവിച്ചു.
ALSO READ ഒമിക്രോണിനെ ലാഘവത്തോടെ കാണരുത്, മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
മൂന്ന് വർഷങ്ങൾക്ക് മുൻപ് എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2019 ജനുവരി 30 ന് സെക്രട്ടേറിയറ്റിന് മുന്നിൽ അമ്മമാർ നടത്തിയ പട്ടിണി സമരത്തിന്‍റെ ഫലമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇന്നലെയാണ് കാസർകോട് കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മെഗേർ എന്ന ആദിവാസി കോളനിയിലെ മോഹനൻ-ഉഷ ദമ്പതികളുടെ കുഞ്ഞായ ഹർഷിത മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ശാരീരിക വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്‍റെ ജനനം. തല വലുതും ശരീരത്തിന് പിന്നിൽ മുഴയുമുണ്ടായിരുന്നു.
ചലനശേഷിയോ സംസാരശേഷിയോ കുഞ്ഞിന് ഉണ്ടായിരുന്നില്ല. ഒരു മാസത്തിനിടെ മൂന്നാമത്തെ കുഞ്ഞാണ് എൻഡോസൾഫാൻ വിഷ മഴയുടെ ഇരയായി മരിക്കുന്നത്.
ALSO READ ഗൂഢാലോചന കേസ്; ഫോണുകൾ പരിശോധിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച്