ഹൈദരാബാദ്: കൊവിഡ് വൈറസിനെ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ അടച്ചു പൂട്ടലുകള്‍ ജനങ്ങളുടെ ജീവിതത്തെ തീർത്തും താറുമാറാക്കി. ഏതാണ്ട് 270 കോടി ജനങ്ങള്‍ക്ക് ലോകത്താകമാനമായി മഹാമാരിയുടെ അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച മാറ്റങ്ങളിലൂടെ തങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടു എന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിൽ ഊന്നി പറയുന്നു. അസംഘടിത മേഖലയിലുള്ള ജനങ്ങള്‍ക്കാണ് കൂടുതലും തൊഴില്‍ നഷ്ടപ്പെട്ടത്. അടച്ചു പൂട്ടലുകളുടെ ഫലമായി തൊഴിലെടുത്തു ജീവിച്ചിരുന്നവരില്‍ മൂന്നിലൊരുഭാഗം പേര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ തൊഴില്‍ ചെയ്ത് കഠിനാധ്വാനം ചെയ്തു വന്നിരുന്ന പാവപ്പെട്ടവര്‍ക്കാണ് ഈ ഗതിയുണ്ടായത്. 2020 ഒക്‌ടോബര്‍-ഡിസംബര്‍ കാലഘട്ടമായിട്ടും അവരില്‍ ചുരുങ്ങിയത് 20 ശതമാനം പേരുടെയെങ്കിലും അവസ്ഥയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. മറ്റ് ആറ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് അസീം പ്രേംജി യൂണിവേഴ്‌സിറ്റി ഇതേക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ പഠനം വെളിവാക്കുന്നത് പ്രതീക്ഷയറ്റ സാഹചര്യങ്ങള്‍ അതിഗുരുതരമായി തന്നെ ഇപ്പോഴും തുടരുന്നു എന്നാണ്. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളില്‍ മഹാഭൂരിപക്ഷത്തിനും ഈ കാലയളവില്‍ അവര്‍ക്കാവശ്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഈ വിഭാഗം ആളുകള്‍ക്കിടയില്‍ പോഷകാഹാര കുറവ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അടച്ചു പൂട്ടല്‍ ഒഴിവാക്കി കഴിഞ്ഞതിനു ശേഷവും ഗ്രാമീണ മേഖലയിലെ 15 ശതമാനം കുടുംബങ്ങളും നഗര മേഖലകളിലെ 28 ശതമാനം കുടുംബങ്ങളും ഭക്ഷണം വേണ്ടത്ര ലഭിക്കുന്നില്ല. ഈ ദുരന്തജനകമായ സാഹചര്യം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അടിയന്തിരമായി പരിഹാര നടപടികള്‍ ആവശ്യപ്പെടുന്ന ഒന്നാണ്.
തൊഴില്‍ ദിനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താത്ത തരത്തില്‍, ഉറപ്പായി ലഭിക്കുന്ന തൊഴിലിന് വേണ്ടിയുള്ള ആവശ്യകത വര്‍ധിച്ചിട്ട് ഏറെ കാലമായി. രാജ്യത്തെ കോടികണക്കിന് പൗരന്മാര്‍ ഇപ്പോഴും പട്ടിണിയിലാണ്. അതിനാല്‍ തന്നെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള നീക്കിയിരുപ്പും നഗരങ്ങളിലെ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള നീക്കിയിരിപ്പും ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം തീര്‍ത്തും ന്യായം തന്നെയാണ്.
ഏതാണ്ട് ആറ് മാസം മുന്‍പ് പുറത്തു വന്ന ഒരു ഞെട്ടിപ്പിക്കുന്ന വിശകലനം വെളിപ്പെടുത്തിയത് നഗര മേഖലകളില്‍ നിന്നുള്ള 12 കോടി ആളുകളും ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 28 കോടി ആളുകളും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തിയ അടച്ചു പൂട്ടലിലൂടെ ദാരിദ്ര്യത്തിലേക്ക് വഴുതി വീണിരിക്കുന്നു എന്നാണ്. അടച്ചു പൂട്ടലുകള്‍ പിന്‍ വലിച്ചതിനു ശേഷവും കൊവിഡ് മഹാമാരി സൃഷ്ടിച്ച അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ തുടര്‍ന്നും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. അടച്ചു പൂട്ടല്‍ കാലത്ത് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ കോടികണക്കിന് അതിഥി തൊഴിലാളികള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വലിയ ഒരാശ്വാസമായി മാറിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലെ വിദ്യാഭ്യാസമുള്ള ഒട്ടനവധി പേര്‍ക്കു പോലും ഈ പദ്ധതി ആശ്രയമായി മാറി. കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്ക് വകയിരുത്തിയ 61000 കോടി രൂപയിലേക്ക് മറ്റൊരു 40000 കോടി രൂപ കൂടി കൂടുതല്‍ കൂട്ടിചേര്‍ക്കുന്ന വിധം അത്രയധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കി.
അധികമായി ഇങ്ങനെ തുക വകയിരുത്തിയിട്ടും ഗ്രാമ പഞ്ചായത്തുകളില്‍ ഈ പദ്ധതിക്ക് വേണ്ട ഫണ്ടില്‍ ദൗര്‍ലഭ്യത നേരിടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് 200 ദിവസത്തെ തൊഴില്‍ ഉറപ്പു വരുത്തുന്നതിനായി ഈ പദ്ധതിയിലേക്കായി ഒരു ലക്ഷം കോടി രൂപ കൂടി നീക്കി വെക്കണമെന്ന് അസീം പ്രേംജി ഫൗണ്ടേഷന്‍ നിര്‍ദേശിക്കുന്നത്.
അതേസമയം തന്നെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ പതുക്കെ പുനരുജ്ജീവിക്കുന്നതായി ലക്ഷണം കാട്ടി തുടങ്ങിയതോടെ കുടിയേറ്റ തൊഴിലാളികളും പതുക്കെ നഗരങ്ങളിലേക്ക് മടങ്ങി തുടങ്ങി. നിര്‍മ്മാണ പ്രവര്‍ത്തന മേഖലയിലെ 75 ശതമാനം പേരും ഭക്ഷണ സേവന മേഖലയിലെ 86 ശതമാനം തൊഴിലാളികളും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ 53 ശതമാനം പേരും അസംഘടിത മേഖലയിലെ തൊഴിലാളികളാണെന്ന് ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. അവരുടെ തൊഴില്‍ വഴികളെ ജാഗ്രതയോടെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ വളരെ പെട്ടെന്നു തന്നെ നഗരങ്ങളിലെ തൊഴിലുറപ്പ് പദ്ധതികള്‍ തിരികെ കൊണ്ടു വന്നുകൊണ്ട് രാജ്യത്തെ സാമൂഹിക-സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടതുണ്ട്. അത്തരം നടപടികള്‍ കോടികണക്കിന് ജനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും. പക്ഷേ, അത്തരം പദ്ധതികളുടെ തെരഞ്ഞെടുക്കലും അവ നടപ്പാക്കലും പരിശോധിക്കലും പിഴവു കൂടാതെ ചെയ്യേണ്ടത് അനിവാര്യവുമാണ്.