ന്യൂഡൽഹി : സ്ഥലം മാറ്റത്തിനായി ജീവനക്കാര്‍ക്ക് തൊഴിലുടമയെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ആവശ്യകത പരിഗണിച്ച് തൊഴിലുടമയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും പരമോന്നത കോടതി വ്യക്തമാക്കി. 2017 ഒക്‌ടോബറിലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കോളജ് അധ്യാപിക സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
അമ്രോഹയിൽ നിന്ന് ഗൗതം ബുദ്ധ നഗറിലേക്കുള്ള ജോലിസ്ഥലം മാറ്റ അപേക്ഷ തൊഴിലുടമ നിരസിച്ചതിനെതിരെ അധ്യാപിക സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വിധി.
AlsoRead: ഗുജറാത്തില്‍ തിരക്കിട്ട ചർച്ചകൾ; മുഖ്യനാകാൻ ഇവർ...
അമ്രോഹ ജില്ലയിൽ അധ്യാപികയായി ജോലി ചെയ്യുന്ന സ്ത്രീ ഗൗതം ബുദ്ധ നഗറിലെ കോളജിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചത് 2017 സെപ്റ്റംബറിൽ അതോറിറ്റി നിരസിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി അമ്രോഹയിൽ ജോലി ചെയ്യുകയാണെന്നും സർക്കാർ നയമനുസരിച്ച് ട്രാൻസ്‌ഫറിന് അർഹതയുണ്ടെന്നും 2017ൽ ഹർജിക്കാരി ഹൈക്കോടതിയെ അറിയിച്ചു.
പ്രാഥമിക നിയമന തിയ്യതി മുതൽ 2013 ഓഗസ്റ്റ് വരെ 13 വർഷത്തോളം ഗൗതം ബുദ്ധ നഗറിലെ കോളജിൽ അധ്യാപികയായി ജോലി ചെയ്തിരുന്നതായും അതിനാൽ അതേ സ്ഥാപനത്തില്‍ വീണ്ടും നിയമിക്കാൻ സാധിക്കില്ലെന്നും മറ്റെവിടേക്കെങ്കിലും ജോലി മാറ്റത്തിന് അപേക്ഷിച്ചാൽ പരിഗണിക്കാം എന്നും ഹൈക്കോടതി അറിയിച്ചിരുന്നു.