ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 27 ന് അവസാനിക്കുന്നതോടെ സർവീസുകള്‍ പൂർണതോതിൽ ആരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. കേരളത്തിലേക്ക് 23 വിമാന സർവീസുകളാണ് എയർലൈൻ പുനരാരംഭിക്കുക. ഇതോടെ കൊച്ചിയിലേക്ക് 14ഉം തിരുവനന്തപുരത്തേക്ക് ഏഴും സർവീസുകള്‍ കമ്പനി പുനരാരംഭിക്കും.
കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് 170 പ്രതിവാര സർവീസുകളാണ് എമിറേറ്റ്സ് രാജ്യത്ത് നടത്തിയിരുന്നത്. വിലക്ക് നീങ്ങുന്നതിന് പിന്നാലെ ഏപ്രിൽ ഒന്ന് മുതൽ സർവീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത ഒമ്പത് നഗരങ്ങളിലാണ് സർവീസ് നടത്തുക.
മുംബൈയിലേക്ക് 35, ഡൽഹിയിലേക്ക് 28, ബെംഗളൂരുവിലേക്ക് 24, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 21 വീതവും കൊൽക്കത്തയിലേക്ക് 11ഉം യാത്ര സർവീസുകള്‍ എമിറേറ്റ്സ് നടത്തും. അതേസമയം വിലക്കുകള്‍ നീങ്ങുന്നതോടെ ഇന്ത്യയിലേക്ക് 88 പ്രതിവാര സർവീസുകള്‍ നടത്തുമെന്ന് ശ്രീലങ്കൻ എയർവേയ്‌സ് അറിയിച്ചു. ഡൽഹി, മുംബൈ, ഹൈദരാബാദ്, തിരുവനന്തപുരം, ഉള്‍പ്പടെ രാജ്യത്തെ ഒമ്പത് നഗരങ്ങളിലേക്ക് പറക്കാനാണ് എയർലൈൻ തീരുമാനം.