ചെന്നൈ : നാല് പേരെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന നരഭോജി കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കടുവയെ പിടികൂടി സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്നും നീക്കം വെല്ലുവിളി നിറഞ്ഞതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദിവങ്ങളോ മാസങ്ങളോ ഇതിനായി എടുത്തേക്കാമെന്ന് അവര്‍ അറിയിച്ചു.
മനുഷ്യരെ കൊല്ലുന്ന കടുവയല്ല പ്രദേശത്തുള്ളതെന്ന് കഴിഞ്ഞയാഴ്‌ച പ്രദേശം സന്ദർശിച്ച ശേഷം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശേഖർ കുമാർ നീരജ് അഭിപ്രായപ്പെട്ടിരുന്നു. കടുവയെ കൊല്ലാതെ പിടികൂടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനം.
ഗൂഡല്ലൂര്‍, മസിനഗുഡി, പന്തല്ലൂര്‍ തുടങ്ങിയ നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളെ കടുവ ഭീതിയിലാഴ്‌ത്തിയിട്ട് ആഴ്‌ചകള്‍ പിന്നിടുകയാണ്. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്ന നിലവിലെ സാഹചര്യം ഭീകരമാണെന്നും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും തമിഴ്നാട് കർഷക സംഘം നീലഗിരി ജില്ല സെക്രട്ടറി എ. യോഹന്നാൻ ആവശ്യപ്പെട്ടു.
ശാസ്ത്രീയ ഇടപെടലുകൾ നടത്തി ഭാവിയിലും ഈ ദുരിത സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.
മസിനഗുഡിക്കാരുടെ ഉറക്കംകെടുത്തി ടി23
മാസങ്ങളായി മസിനഗുഡിക്കാരുടെ ഉറക്കംകെടുത്തി വിഹരിക്കുകയാണ് ടി23 കടുവ. കഴിഞ്ഞ 24ന് ദേവൻ എസ്റ്റേറ്റിലെ ചന്ദ്രനെന്ന തൊഴിലാളിയെ, പശുവിനെ മേയ്ക്കുന്നതിനിടെ ആക്രമിച്ചതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. സാരമായി പരിക്കേറ്റ ചന്ദ്രൻ ആശുപത്രിയിൽ മരിച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ ബുദ്ധിമുട്ടുള്ള വനപ്രദേശം കണക്കിലെടുത്ത് MDT - 23 (മുതുമല ഡിവിഷൻ ടൈഗർ) എന്ന് പേരുള്ള മൃഗത്തെ ട്രാക്ക് ചെയ്യുകയും ശാന്തമാക്കുകയും ചെയ്യുകയെന്നത് എളുപ്പമുള്ള ഒന്നല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കടുവയെ വെടിവച്ച് കൊല്ലരുതെന്ന് മക്കൾ നീതി മയ്യം
കടുവയെ വെടിവച്ചുകൊല്ലരുത്, ജീവനോടെ പിടികൂടണമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസനും ആവശ്യപ്പെട്ടിരുന്നു. കുങ്കിയാന, പ്രത്യേക പരിശീലനം കിട്ടിയ നായ്‌ക്കൾ, ഡ്രോണ്‍ ക്യാമറകള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി 160ലേറെ പേരാണ് കടുവയ്ക്കായി മുതുമല ടൈഗർ റിസർവിലും പരിസര മേഖലകളിലും തിരച്ചിൽ തുടരുന്നത്.
ALSO READ: ബിജെപി ദേശീയ നിർവാഹക സമിതി : കണ്ണന്താനവും ശോഭ സുരേന്ദ്രനും പുറത്ത്, ഇ.ശ്രീധരൻ ക്ഷണിതാവ്