നീലഗിരി: മസിനഗുഡിയിലെ ജനങ്ങൾക്ക് പേടിസ്വപ്‌നമായ നരഭോജി കടുവ പിടിയിൽ. രാപകൽ നീണ്ട തെരച്ചിലിനൊടുവിലാണ് ടി 23 എന്ന് പേരിട്ടിരിക്കുന്ന 13 വയസുള്ള ആൺകടുവയെ മയക്കുവെടി വച്ച് പിടികൂടാൻ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം മസിനഗുഡി വനത്തിന് സമീപം കടുവയ്ക്ക് നേരെ മയക്കുവെടി വച്ചിരുന്നു. എന്നാൽ കടുവ തെന്നിമാറി രക്ഷപെട്ട് കാട്ടിൽ മറയുകയാണുണ്ടായത്. വെള്ളിയാഴ്‌ച കേരള, തമിഴ്‌നാട്, കർണാടക വനംവകുപ്പിന്‍റെ പ്രത്യേക സംഘങ്ങൾ 20 ദിവസത്തിലേറെയായി കടുവയെ നിരീക്ഷിച്ച് വരികയായിരുന്നു.
ഗൂഡല്ലൂര്‍, മസിനഗുഡി, പന്തല്ലൂര്‍ തുടങ്ങിയ നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ജൂലൈ മുതലാണ് ഇത് ആരംഭിച്ചതെന്ന് വനം വകുപ്പ് പറയുന്നു. നാല് മനുഷ്യരെയും 20 ലധികം കന്നുകാലികളെയും കടുവ കൊന്നിരുന്നു.
കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മസിനഗുഡി നിവാസികള്‍ പ്രക്ഷോഭം കടുപ്പിച്ചതോടെ കടുവയെ കണ്ടാലുടൻ വെടിവയ്ക്കാൻ തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് ഉത്തരവിട്ടു. കടുവയെ കണ്ടെത്താൻ അഞ്ച് പ്രത്യേക സംഘവും രൂപീകരിച്ചു.
കുങ്കിയാന, പ്രത്യേക പരിശീലനം കിട്ടിയ നായ്‌ക്കൾ, ഡ്രോണ്‍ ക്യാമറകള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി 160 ലേറെ പേരാണ് കടുവയ്ക്കായി മുതുമല ടൈഗർ റിസർവിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയത്.
എന്നാൽ കടുവയെ വെടിവയ്ക്കരുതെന്നും ജീവനോടെ പിടികൂടണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വനംവകുപ്പ് കടുവയെ ജീവനോടെ പിടികൂടിയത്.