സാൻ ഫ്രാൻസിസ്‌കോ : ട്വിറ്റര്‍ ഏറ്റെടുത്ത് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ചുമതലയേറ്റയുടന്‍ സിഇഒ പരാഗ് അഗര്‍വാളിനെയടക്കം നാല് പേരെ പുറത്താക്കി.
ചീഫ് ഫിനാൻഷ്യൽ ഓഫിസർ നെഡ് സെഗാൽ, നിയമകാര്യ - നയ മേധാവി വിജയ ഗഡ്ഡെ, ജനറൽ കൗൺസൽ സീൻ എഡ്‌ജെറ്റ് എന്നിവരെയാണ് പുറത്താക്കിയത്. വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പിരിച്ചുവിടൽ.
ഏറ്റുമുട്ടിയത് പരാഗുമായി : മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാളും മസ്‌കും തമ്മിൽ പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്. ഏപ്രിലിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. വ്യാജ സ്‌പാം ബോട്ട് അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം കരാർ അവസാനിപ്പിക്കുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മസ്‌കിനെ കോടതിയിൽ നേരിട്ടത് പരാഗിന്‍റെ നേതൃത്വത്തിലായിരുന്നു.
പിന്നാലെ, ട്വിറ്റർ കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഒക്‌ടോബർ 28 വരെ യുഎസ് കോടതി ഇരുകൂട്ടർക്കും സമയം അനുവദിച്ചു.
പുറത്താക്കപ്പെട്ട് പരാഗ് അഗർവാൾ : ട്വിറ്റര്‍ സഹസ്ഥാപകൻ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലാണ് അഗർവാളിനെ ട്വിറ്റർ സിഇഒ ആയി നിയമിച്ചത്. ഐഐടി ബോംബെയിലെയും സ്റ്റാൻഫോർഡിലെയും പൂർവ വിദ്യാർഥിയായ അഗർവാൾ ഒരു പതിറ്റാണ്ട് മുമ്പ് കമ്പനിയിൽ 1,000 ൽ താഴെ ജീവനക്കാരുള്ളപ്പോൾ ചേർന്നതാണ്.
സിങ്കാകാൻ സിങ്കുമായി എത്തി : തിങ്കളാഴ്‌ച ഇലോൺ മസ്‌ക് തന്‍റെ ട്വിറ്റർ ബയോയിൽ 'ചീഫ് ട്വിറ്റ്' എന്ന് എഴുതിച്ചേർത്തിരുന്നു. ബുധനാഴ്‌ച (ഒക്‌ടോബർ 26) സാൻ ഫ്രാൻസിസ്കോയിലെ കമ്പനിയുടെ ആസ്ഥാനത്ത് എത്തിയ മസ്‌ക് എഞ്ചിനീയർമാരുമായും പരസ്യ എക്‌സിക്യുട്ടീവുമാരുമായും കൂടിക്കാഴ്‌ച നടത്തി. കൈയില്‍ ഒരു സിങ്കുമായി (sink) ഓഫിസിന്‍റെ ഹാളിലേയ്‌ക്ക് കടന്നുവരുന്ന ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. 'ട്വിറ്റർ ആസ്ഥാനത്ത് പ്രവേശിക്കുന്നു-അത് മുങ്ങട്ടെ' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ചത്.
അടിമുടി അഴിച്ചുപണി : വ്യത്യസ്‌തമായ ആശയങ്ങൾ സംവദിക്കാനാകുന്ന ഒരു പൊതു ഡിജിറ്റൽ ടൗൺ സ്ക്വയർ ഉണ്ടായിരിക്കുക എന്നത് ഭാവി തലമുറയ്‌ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമായിരിക്കുമെന്ന് കരുതുന്നു എന്ന് മസ്‌ക് ട്വീറ്റ് ചെയ്‌തിരുന്നു. ട്വിറ്ററിലെ ജോലി ചെയ്യൽ രീതി അടിമുടി മാറ്റിയെടുക്കുമെന്നും സേവന നയങ്ങള്‍ അഴിച്ചുപണിയുമെന്നും അതിന്‍റെ അൽഗോരിതം കൂടുതൽ സുതാര്യമാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. സബ്‌സ്‌ക്രിപ്‌ഷൻ ബിസിനസുകളെ പരിപോഷിപ്പിക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തുകൊണ്ട് ട്വിറ്ററിനെ രൂപാന്തരപ്പെടുത്തുമെന്നും നേരത്തേ ആഹ്വാനം ചെയ്‌തിട്ടുണ്ട്.