കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനിച്ച് കുട്ടിയാന അടക്കം മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. അലിപുർദുവാർ ജില്ലയിലെ രാജഭട്ഖാവ വനമേഖലയിലാണ് ആനകള്‍ ചരിഞ്ഞത്(Elephants Killed In West Bengal). തിങ്കളാഴ്‌ച (നവംബര്‍ 27) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
അലിപുർദുവാറിൽ നിന്ന് സിലിഗുരിയിലേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിന്‍ ഇടിച്ചാണ് ആനകള്‍ ചരിഞ്ഞത്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി.
ഓഗസ്റ്റ് 10നും ചപ്രമാരിയില്‍ ഗര്‍ഭിണിയായ ആന ട്രെയിനിച്ച് ചരിഞ്ഞിരുന്നു. വീണ്ടും സംഭവം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ദോർസ് റെയിൽവേ ലൈനിലെ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ട്രെയിനിടിച്ച് വന്യജീവികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് റെയില്‍വേ, വനം വകുപ്പ് അധികൃതര്‍.
വന മേഖലയിലെത്തുന്ന ട്രെയിനുകള്‍ വേഗത കുറയ്‌ക്കാനുള്ള നടപടികളെ കുറിച്ചാണ് സംഘം നിലവില്‍ ചര്‍ച്ച നടത്തുന്നത്. ട്രെയിനിടിച്ച് കാട്ടാനകള്‍ അപകടത്തില്‍പ്പെടുന്നത് ഇല്ലാതാക്കാനായി ഐഡിഎസ് (Intrusion Detection System) സ്ഥാപിക്കാന്‍ നേരത്തെ 77 കോടി രൂപ അനുവദിച്ചിരുന്നു. അലിപൂർദുവാർ റെയിൽവേ ഡിവിഷന്‍റെ നേരത്തെ അപകടങ്ങള്‍ പതിവായിരുന്ന ഇടങ്ങളിലെ ചില ഭാഗങ്ങളിൽ ഐഡിഎസ് സ്ഥാപിച്ചിട്ടുണ്ട്. ഐഡിഎസ് സ്ഥാപിക്കപ്പെട്ടയിടങ്ങളില്‍ അപകടങ്ങള്‍ കുറവായിട്ടുണ്ടെന്നും ഇതില്ലാത്ത ഇടങ്ങളിലാണ് ഇപ്പോള്‍ അപകടം നടക്കുന്നതെന്നും റയില്‍വേ അധികൃതരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.