തുമകൂരു: വെള്ളത്തില്‍ മറിഞ്ഞും തിരിഞ്ഞും കിടക്കുന്ന ഗജവീരൻമാർ. തൊണ്ടുകൊണ്ടും പനമ്പട്ടകൊണ്ടും തേച്ചും ഉരച്ചും കുളിപ്പിക്കുന്ന പാപ്പാൻ. അത് കാണാൻ അടുത്തുകൂടുന്ന കുട്ടികളും മുതിർന്നവരും. പക്ഷേ കർണാടകയിലെ തുമകൂരുവില്‍ ആനയെ കുളിപ്പിക്കുന്നത് ഇങ്ങനെയൊന്നുമല്ല. വാഹനങ്ങൾ കഴുകി വൃത്തിയാക്കുന്ന വാട്ടർ സർവീസ് സ്റ്റേഷനാണ് സംഭവ സ്ഥലം.
20 വയസുള്ള പെണ്ണാനയായ ലക്ഷ്‌മിയെ പവർ ജെറ്റ് സ്പ്രേ പൈപ്പ് ഉപയോഗിച്ച് കുളിപ്പിക്കുകയാണ്. വാഹനങ്ങൾ കഴുകി വൃത്തിയാക്കുന്നത് പോലെ തന്നെ. വെള്ളത്തിന് ദൗർലഭ്യമുള്ള പ്രദേശങ്ങളില്‍ ഇതല്ലാതെ വേറെ മാർഗമില്ലെന്നാണ് പാപ്പാൻമാർ പറയുന്നത്. പക്ഷേ വെള്ളത്തില്‍ കളിച്ചും മണിക്കൂറുകളോളം തണുപ്പ് ആസ്വദിച്ചും കുളിക്കുന്ന പരിപാടി ഇല്ലാതായി പോകുന്നതിന്‍റെ വിഷമം ആനകൾക്കുണ്ടാകുമെന്നുറപ്പാണ്.