ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ഹൊസൂര്‍ സ്വദേശിയുടെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയില്‍ നിന്നാണ് തീപടര്‍ന്ന് പിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വാഹനഉടമ വണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെട്ടത് കൊണ്ട് വന്‍ അപകടം ഒഴിവായി.
വഴിയാത്രക്കാര്‍ എത്തിയാണ് വാഹനത്തിന്‍റെ തീ അണച്ചത്. തീപിടിത്തത്തില്‍ വാഹനം പൂര്‍ണമായി കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ സൂപ്പർവൈസറായ ഹൊസൂർ സ്വദേശി സതീഷ് കുമാർ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്.
ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ ഉപഭോക്താക്കളെ ആശങ്കയിലാക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ വെല്ലൂര്‍ ജില്ലയില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ പുകയെ തുടര്‍ന്ന് അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെ ഏപ്രില്‍ മാസം ആദ്യം തെലങ്കാനയില്‍ വാഹനത്തിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
വാഹനനിര്‍മ്മാതാക്കള്‍ സഹായം കൃത്യസമയത്ത് നല്‍കാത്തതിനെ തുടര്‍ന്ന് ഒരാള്‍ ഇ-സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെലങ്കാനയിലെ നിസാമാബാദിൽ 80 വയസ്സുള്ള ഒരാള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് മരിച്ചതിന് പിന്നാലെ വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി (PURE EV) 2,000 വാഹനങ്ങൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്‌ദ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി അറിയിച്ചു.