കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ അശോക് ചക്രവർത്തിയെ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച നീക്കം ചെയ്തു. സുരക്ഷാ ഡയറക്ടറേറ്റിലെ എസ് പി റാങ്കിലുള്ള കേഡർ തസ്തികയിൽ ചക്രബർത്തിയെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി നിയമിച്ചു.
അതേസമയം മാർച്ച് 28, ഏപ്രിൽ 7 തീയതികളിൽ കേന്ദ്ര സേനക്കെതിരായി നടത്തിയ പ്രസ്താവനകളിൽ ഏപ്രിൽ 10 നകം തന്‍റെ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ മമത ബാനർജിക്ക് നോട്ടീസ് നൽകി. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടന്ന വോട്ടെടുപ്പിനിടെ കേന്ദ്രസേന ബിജെപിയെ അനുകൂലിച്ചുവെന്നായിരുന്നു മമതയുടെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തങ്ങളുടെ വോട്ട് വിഭജിക്കരുതെന്ന് മുസ്‌ലിം വോട്ടർമാരോട് അഭ്യർത്ഥിച്ചു എന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മമതക്ക് മറ്റൊരു നോട്ടീസും നൽകിയിരുന്നു.
എട്ട് ഘട്ടങ്ങളുള്ള പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം നാളെ ആരംഭിക്കും. അഞ്ച് ജില്ലകളിലെ 44 നിയോജക മണ്ഡലങ്ങളിൽ 373 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.